ഇന്റർനെറ്റ് യുഗത്തിലേക്കു ജപ്പാന്റെ സോണിയെ പിച്ചവപ്പിച്ച നോബുയുകി ഇഡെ അന്തരിച്ചു

0

ടോക്കിയോ ∙ ഇന്റർനെറ്റ് യുഗത്തിലേക്കു ജപ്പാന്റെ സോണിയെ പിച്ചവപ്പിച്ച നോബുയുകി ഇഡെ (84) അന്തരിച്ചു. 1998 മുതൽ 2005 വരെ 7 വർഷക്കാലം ആദ്യം പ്രസിഡന്റും തുടർന്നു സിഇഒയുമായിരുന്നു. കരൾ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഇലക്ട്രോണിക്സ് രംഗത്തെ അതികായരായ സോണി കോർപറേഷന് ഡിജിറ്റൽ, എന്റർടെയ്ൻമെന്റ് ബിസിനസ് ഇടങ്ങൾ ഒരുക്കി ആഗോള വളർച്ച സമ്മാനിച്ചത് ഇഡെയുടെ മികവായിരുന്നു. വയോ ലാപ്ടോപ് അവതരിപ്പിച്ചത് ഇഡെയുടെ കാലത്താണ്.
എന്നാൽ, ഇലക്ട്രോണിക്സ് രംഗത്തെ പുതുമാറ്റങ്ങൾക്കൊത്തു പായുന്നതിൽ ഇഡെയ്ക്ക് ചുവടുപിഴകളും സംഭവിച്ചു. പാട്ടു കേൾക്കാനുള്ള വോക്ക്മാനുമായി തരംഗം സൃഷ്ടിച്ച സോണി പക്ഷേ എംപിത്രീയിലേക്കുള്ള മുന്നേറ്റത്തോടു മുഖം തിരിച്ചതുമൂലം അന്നോളമുണ്ടായിരുന്ന ആധിപത്യം ആപ്പിളിനു മുന്നിൽ അടിയറ വയ്ക്കേണ്ടി വന്നു. ഇഡെ സ്ഥാനമൊഴിഞ്ഞ ശേഷമാണ് പ്ലേ സ്റ്റേഷൻ ഗെയിം രംഗത്തു സോണി വിപുല സാന്നിധ്യം ഉറപ്പിച്ചത്.

1937 നവംബർ 22നു ജപ്പാനിലെ ടോക്കിയോയിലായിരുന്നു ഇഡെയുടെ ജനനം. വസെഡ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദമെടുത്ത ശേഷം 1960ലാണു സോണി കമ്പനിയിൽ ചേർന്നത്. തുടക്കത്തിൽ ഓഡിയോ, വിഡിയോ വിഭാഗങ്ങളിലായിരുന്നു. കമ്പനിയുടെ രാജ്യാന്തര ഓഫിസുകളിൽ പ്രവർത്തിച്ചു. 1968ൽ സോണി ഫ്രാൻസിന് അടിത്തറയിട്ട ശേഷം 1972ൽ ടോക്കിയോ ആസ്ഥാനത്തു തിരിച്ചെത്തി. 1995ൽ സോണി പ്രസിഡന്റായി. 1999ൽ സിഇഒയും. സോണിയിൽനിന്നു പടിയിറങ്ങിയ ശേഷം മാനേജ്മെന്റ് കൺസൽറ്റൻസി സ്ഥാപിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here