തെരഞ്ഞെടുപ്പ് സമയത്ത് പൊതുവേദിയിൽ സംസാരിക്കാൻ തനിക്ക് ഭയമാണെന്ന് തമിഴ് സൂപ്പർതാരം രജനീകാന്ത്. നമ്മൾ പറയുന്ന വാക്കുകൾ വളരെ എളുപ്പത്തിൽ വളച്ചൊടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ വടപളനിയില്‍ കഴിഞ്ഞ ദിവസം ഒരു ആശുപത്രി ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു താരം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമ്മള്‍ പറയുന്ന വാക്കുകള്‍ എളുപ്പത്തില്‍ വളച്ചൊടിക്കപ്പെടും. ഒരുപാട് ക്യാമറകള്‍ ഒരേ സമയം കാണുമ്പോള്‍ ശ്വാസം വിടാന്‍ പോലും ഭയമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ‘മുന്‍പ് എവിടെയാണ് കാവേരി ആശുപത്രി എന്ന് ചോദിച്ചാല്‍ ആളുകള്‍ പറയുക, കമല്‍ഹാസന്റെ വീടിന് അടുത്താണ് എന്നാണ്. ഇപ്പോള്‍ കമല്‍ഹാസന്റെ വീട് എവിടെയാണ് എന്ന് ചോദിച്ചാല്‍ കാവേരി ആശുപത്രിക്ക് അടുത്താണെന്ന് പറയും.. മാധ്യമങ്ങളും ആങ്ങനെ തന്നെയാണ്. ഇതൊക്കെ വെറുതെ പറയുന്നതാണ്. രജനീകാന്ത് കമല്‍ ഹാസനുമായി പ്രശ്നത്തിലാണെന്ന് എഴുതരുത്. ഇവിടെ വന്ന് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ രണ്ട് വാക്ക് പറയാന്‍ പറഞ്ഞതുകൊണ്ടാണ്. ഇവിടെ ഒരുപാട് മാധ്യമങ്ങളുണ്ടാകുമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അവര്‍ പറഞ്ഞത് കുറച്ചു പേര്‍ ഉണ്ടാകും എന്നാണ്. ഈ കാമറകളിലേക്ക് നോക്കുമ്പോള്‍ എനിക്ക് പേടിയാവുന്നു. ഇത് തെരഞ്ഞെടുപ്പ് സമയം കൂടിയാണ്. ശ്വാസം വിടാന്‍ പോലും പേടിയാണ്.- രജനീകാന്ത് ചിരിയോടെ പറഞ്ഞു.ഉദ്ഘാടന പരിപാടികളില്‍ പൊതുവെ പങ്കെടുക്കാത്തതിന്‍റെ കാരണവും രജനി വിശദീകരിച്ചു. ഏതെങ്കിലും സ്ഥാപനം ഉദ്ഘാടനം ചെയ്താല്‍ തനിക്ക് അതില്‍ നിക്ഷേപമുണ്ടെന്നാകും പ്രചാരണം എന്നാണ് താരം പറഞ്ഞത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ഡോക്ടര്‍മാരാണ് തനിക്ക് ഒരു പ്രധാന ശസ്ത്രക്രിയ നടത്തിയത്. അതാണ് ഈ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് തന്നെ എത്തിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. തന്നെ ജീവനോടെ നിലനിര്‍ത്തിയതിന് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് രജനികാന്ത് പ്രസംഗം അവസാനിപ്പിച്ചത്.