ചെന്നൈ: രണ്ട് ദിവസം മുൻപ് കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. തമിഴ്നാട് തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്. സ്വന്തം തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതാകുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജയകുമാർ എഴുതി എന്ന് കരുതപ്പെടുന്ന കുറിപ്പും കണ്ടെടുത്തു. എന്നാൽ ഇത് അദ്ദേഹത്തിന്റെ കൈപ്പട തന്നെ ആണോ എന്ന കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.അദ്ദേഹത്തെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ അതോ ആത്മഹത്യ ആണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഉന്നതരായ ചിലരുടെ പേരുകള്‍ കത്തിലുണ്ടെന്നാണ് സൂചന. തന്നെ പറ്റിച്ച് പണം തട്ടിയെടുത്തു എന്നാണ് കത്തിൽ ജയകുമാര്‍ ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി മൂന്ന് സ്പെഷ്യൽ ടീമിനെ നിയോഗിച്ചതായി പൊലീസ് മേധാവി എൻ സിലമ്പരശൻ പറഞ്ഞു. ജയകുമാറിന്റെ മരണത്തിൽ ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എഡിഎംകെ രംഗത്തെത്തി.