കോഴിക്കോട്: സർക്കാർ ജീവനക്കാർക്കുള്ള മെഡിസെപ് സർക്കാർ ആശുപത്രികളിൽ മാത്രമാകും. മെഡിസെപ് പ്രകാരമുള്ള ചികിത്സാ ആനുകൂല്യങ്ങൾ നിർത്തിവയ്ക്കാൻ സ്വകാര്യ ആശുപത്രികൾ തീരുമാനിക്കുകയാണ്. ചികിത്സയ്ക്കായി ചെലവാക്കിയ പണം തിരികെ കെട്ടാൻ വൈകുന്നതും കുറഞ്ഞ തുക അനുവദിക്കുന്നതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് ആശുപത്രികൾ പറയുന്നു. പ്രായോഗിക പ്രശ്‌നങ്ങൾ മൂലം പദ്ധതിയിൽ തുടരാൻ കഴിയാത്ത അവസ്ഥയാണെന്ന് ചില ആശുപത്രികൾ സർക്കാരിനെ അറിയിച്ചു തുടങ്ങി. ഇതോടെ പദ്ധതി തന്നെ അട്ടിറിക്കുകയാണ്.
ചികിത്സ നൽകുന്ന ആശുപത്രികൾ തന്നെ ആനുകൂല്യം നൽകുന്ന വിഭാഗങ്ങൾ വെട്ടിച്ചുരുക്കുകയാണ്. ഓർത്തോ, കാർഡിയോ, ജനറൽ വിഭാഗങ്ങളിൽ ചികിത്സ ലഭിക്കുമ്പോൾ ‘പ്രസവം’ മിക്ക ആശുപത്രികളും മതിയാക്കി. രണ്ടു പ്രസവത്തിനു മാത്രമേ ആനുകൂല്യമുള്ളൂ. ആദ്യ രണ്ടു പ്രസവത്തിലെ കുട്ടികൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ മൂന്നാമത്തെ പ്രസവത്തിന് ആനുകൂല്യം നൽകില്ലെന്ന വിചിത്രവാദം ഉന്നയിച്ച് ആശുപത്രികളുടെ ക്ലെയിം നിരസിച്ചിട്ടുണ്ട്. ഇങ്ങനെ മെഡിസെപ്പിൽ പലതും നടക്കുന്നു. സർക്കാർ ജീവനക്കാരിൽ നിന്ന് പ്രതിവർഷം ആറായിരം രൂപയാണ് പിടിക്കുന്നത്. മാസം 500 രൂപ. ഭാര്യയും ഭർത്താവും പാക്കേജിലുണ്ടെങ്കിൽ രണ്ടു പേരും പണം കൊടുക്കണം. നിർബന്ധമാണ് ജീവനക്കാർക്ക് മെഡിസെപ്പ്. എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് നിർബന്ധമാക്കാൻ സർക്കാരിന് കഴിയുന്നുമില്ല.
ഓറിയന്റൽ ഇൻഷുറൻസാണ് മെഡിസെപ് നടപ്പാക്കുന്നത്. ഈ കമ്പനിക്ക് വമ്പൻ തുക പ്രതിമാസം സർക്കാരിൽ നിന്നു കിട്ടുന്നു. ആറായിരം രൂപ പിടിക്കുന്നുണ്ടെങ്കിലും അതിൽ കുറച്ചു തുക സർക്കാർ സ്വന്തമാക്കുകയും ചെയ്യുന്നു. അങ്ങനെ കമ്പനിക്കും സർക്കാരിനും ലാഭമാണ് ഇൻഷുറൻസ് പദ്ധതി. ജീവനക്കാർക്ക് നഷ്ടവും. മെഡിസെപ് തിരക്കിട്ടു നടപ്പാക്കിയതിനാൽ ഇതു സംബന്ധിച്ച് പല ആശുപത്രികൾക്കും വ്യക്തതയില്ല. ഓരോ രോഗത്തിനും നിശ്ചയിച്ച പാക്കേജ് തുക മാത്രമേ ഇൻഷുറൻസ് കമ്പനി ആശുപത്രികൾക്കു റീ ഫണ്ട് ചെയ്തുനൽകുന്നുള്ളൂ. ഇതു മൂലം ആശുപത്രി അധികൃതരും രോഗികളും തമ്മിലുള്ള വാക്കേറ്റം ആശുപത്രികളിൽ പതിവാണ്.
പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ പ്രതിവർഷം ചികിൽസയ്ക്ക് കിട്ടുമെന്നാണ് പറയുന്നത്. എന്നാൽ ഓരോ രോഗത്തിനും വെവ്വേറെ തുക നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആർക്കും മൂന്ന് ലക്ഷത്തിന്റെ ഉപയോഗം കിട്ടില്ല. ഉദാഹരണത്തിന് ‘എക്‌സ്’ എന്ന രോഗത്തിന് 20000 രൂപയാകും ക്ലൈയിം. ഈ ചികിൽസയ്ക്ക് സ്വകാര്യ മേഖലയിൽ ഒരു ലക്ഷം രൂപയാകും. എങ്കിലും മെഡിസെപ്പ് ഉപയോഗിച്ചാൽ 20000 രൂപയേ കിട്ടൂ. അതിൽ കൂടുതൽ വാങ്ങാനും കഴിയില്ല. ഇതാണ് സ്വകാര്യ ആശുപത്രിയെ പ്രധാനമായും പദ്ധതിയിൽ നിന്നും അകറ്റുന്നത്. ഇത് ജീവനക്കാർക്കും വെല്ലുവിളിയാണ്.
ഓരോ അസുഖ ചികിൽസയ്ക്കും നിശ്ചയിച്ചിരിക്കുന്ന തുകയിൽ നിന്ന് കൂടുതലൊന്നും ഇൻഷുറൻസ് കമ്പനി നൽകുന്നില്ല. റൂം നിരക്ക് , ശസ്ത്രക്രിയ നിരക്ക്, ഇംപ്ലാന്റ് നിരക്ക് എന്നിവ വെവ്വേറെ ക്ലെയിം ചെയ്യാം എന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഇതെല്ലാം പാക്കേജിൽ ഉൾപ്പെടുത്തിയെന്നാണു പറയുന്നത്. ഇതുമൂലം ആശുപത്രികൾക്കു ഭീമമായ ബാധ്യത വരുന്നു. ഇതു സംബന്ധിച്ച് പരാതികൾ പറയാൻ നൽകിയ നമ്പറിൽ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല, മേൽനോട്ടം വഹിക്കുന്ന ഏജൻസികളിൽ നിന്നു വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ആശുപത്രികൾ പരാതിപ്പെടുന്നു.
ചികിത്സയ്ക്കു ചെലവായ തുക ക്ലെയിം ചെയ്താലും ഇതു വെട്ടിക്കുറച്ചാണു നൽകുന്നതെന്നാണ് ആശുപത്രികളുടെ പ്രധാന പരാതി. അന്തിമമായി അനുവദിച്ച തുക തന്നെ കിട്ടാൻ ഏറെ വൈകുന്നു. രോഗി ഡിസ്ചാർജ് ആയ ദിവസം മുതൽ 15 ദിവസത്തിനുള്ളിൽ റീ ഫണ്ട് തുക ആശുപത്രി അക്കൗണ്ടിൽ എത്തുമെന്നാണ് കരാർ പ്രകാരം അറിയിച്ചിരുന്നത്. എന്നാൽ പദ്ധതി തുടങ്ങി ഒന്നര മാസമായിട്ടും ഒരു രൂപ പോലും കിട്ടാത്ത ആശുപത്രികളുണ്ട്.