24 മണിക്കൂറും ജീവനക്കാർ; സുരക്ഷക്കായി 12 സായുധരായ പോലീസുകാർ; നിരീക്ഷണത്തിനായി മുക്കിലും മൂലയിലും ക്യാമറകൾ ; എന്നിട്ടും കൊച്ചി മെട്രോ യാർഡിൽ അജ്ഞാതൻ നുഴഞ്ഞു കയറി; ആദ്യ സ്ഫോടനം കൊച്ചിയിൽ എന്ന് ഭീഷണി; ആരെയും അറിയിക്കാതെ അന്വേഷണം

0

കൊച്ചി:  സായുധരായ 12 പോലീസുകാരുടേയും നീരീക്ഷണ ക്യാമറകളുടേയും കണ്ണുവെട്ടിച്ച് കൊച്ചി മെട്രോ യാർഡിൽ അജ്ഞാതൻ്റെ നുഴഞ്ഞു കയറ്റം. മേയ് 22നാണ് സംഭവം. മുട്ടം യാർഡിൽ പാർക്ക് ചെയ്തിരുന്ന ട്രെയിനിന്റെ പുറത്ത് ഇംഗ്ളീഷിൽ പല നിറത്തിലെ സ്‌പ്രേ പെയിന്റുകൊണ്ട് ഭീഷണിസന്ദേശം എഴുതിയ ശേഷമാണ് അജ്ഞാതൻ മടങ്ങിയത്. 

അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോ യാർഡിൽ നുഴഞ്ഞുകയറിയ അജ്ഞാതനെ ഇനിയും കണ്ടെത്താനായിട്ടില്ല. 

‘പമ്പ’ എന്ന ട്രെയിനിന്റെ പുറത്ത് ‘ആദ്യ സ്ഫോടനം കൊച്ചിയിൽ’ എന്ന് എഴുതിവച്ചത് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് സന്ദേഹവും കടുത്ത വെല്ലുവിളിയുമായി. രാജ്യദ്രോഹത്തിന് കേസെടുത്തെങ്കിലും രഹസ്യമാക്കിവച്ചിരിക്കുകയാണ് സംഭവം. ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്ക്കൊപ്പമാണ് ലിഖിതങ്ങൾ. ഈ ട്രെയിനിന്റെ സർവീസ് നിറുത്തിവച്ചു.

കൊച്ചി സിറ്റി പൊലീസും മെട്രോ അധികൃതരും ഇതുസംബന്ധിച്ച് ഒന്നും പുറത്തു പറഞ്ഞിട്ടില്ല. മെട്രോ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്.

എറണാകുളം – ആലുവ റൂട്ടിൽ മുട്ടം സ്റ്റേഷനും അമ്പാട്ടുകാവ് സ്റ്റേഷനും ഇടയിലാണ് 45 ഏക്കറി​ലുളള മുട്ടം മെട്രോ യാർഡ്. സർവീസിനുശേഷം എല്ലാ ട്രെയിനുകളും യാർഡിലെത്തിച്ച് ദിവസവും പരിശോധനകൾ നടത്തും.

യാർഡിന് ചുറ്റുമായി 10 അടി ഉയരമുള്ള മതിൽക്കെട്ടിനു മുകളിൽ കമ്പി വേലിയുമുണ്ട്. യാർഡിനോട് ചേർന്ന് ജീവനക്കാരുടെ ക്വാർട്ടേഴ്സായി രണ്ട് ഫ്ളാറ്റുകളുമുണ്ട്. 

മെട്രോയുടെ ഹൃദയം

ഓപ്പറേഷൻ കൺട്രോൾ റൂം, ആട്ടോമാറ്റിക്ക് ട്രെയിൻ കൺട്രോൾ സംവിധാനം, വൈദ്യുതി സബ്സ്റ്റേഷൻ തുടങ്ങിയവ മെട്രോ യാർഡിലാണ്. 24 മണിക്കൂറും ജോലിക്കാരുമുണ്ട്.

എഴുതിയത് രാത്രി

1.രാത്രി സർവീസ് അവസാനിപ്പിച്ചശേഷം കൊണ്ടിട്ടപ്പോഴായിരിക്കാം എഴുതിയത്. സർവീസ് നടത്തുമ്പോൾ മിനിട്ടുകൾ മാത്രം സ്റ്റേഷനുകളിൽ നിറുത്തുന്നതിനാൽ ഇത്രയും നീണ്ട സന്ദേശം എഴുതാൻ സമയം കിട്ടില്ല.

2. സുരക്ഷാ ഉദ്യോഗസ്ഥരുടെയോ കാമറകളുടെയോ കണ്ണിൽപ്പെടാതെ യാർഡിനകത്തേക്കും പുറത്തേക്കും പോവുക എളുപ്പമല്ല. ജീവനക്കാരിൽ ആർക്കെങ്കിലും പങ്കുണ്ടോയെന്നും സംശയിക്കുന്നു.

3.തൊട്ടടുത്തുള്ള സ്റ്റേഷനുകളുടെ പ്ളാറ്റ് ഫോമിൽ നിന്ന് പാളത്തിലിറങ്ങി നടന്നും യാർഡിലെത്താം. പ്ളാറ്റ് ഫോം പൂർണമായും കാമറ നിരീക്ഷണത്തിലാണ്. യാർഡിൽ സായുധരായ 12 പൊലീസുകാർ സദാ കാവലുണ്ട്.

4. കേരള പൊലീസിന്റെ ഭാഗമായ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്കാണ് യാർഡിന്റെയുൾപ്പെടെ മെട്രോ സംവിധാനത്തിന്റെ സുരക്ഷാ ചുമതല. 215 സേനാംഗങ്ങൾ മെട്രോയി​ലുണ്ട്.

 25 ട്രെയിനുകൾമൂന്നു ബോഗികളുള്ള 25 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. പെരിയാർ, പമ്പ, കബനി, ഗംഗ, കൃഷ്ണ, നിള തുടങ്ങി നദികളുടെ പേരുകളാണ് ഓരോന്നിനും.`കേസെടുക്കാൻ നിർദ്ദേശിച്ചു. അന്വേഷണം നടക്കുന്നുണ്ട്. സുരക്ഷാകാര്യം സർക്കാർ നോക്കും.’-ലോക്‌നാഥ് ബെഹ്റ,എം.ഡി, കെ.എം.ആർ.എൽ`അതിക്രമിച്ചു കയറിയത് ആരെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. ഗൗരവസ്വഭാവം വിലയിരുത്തുന്നതേയുള്ളൂ.’-വി.യു.കുര്യാക്കോസ്,ഡെപ്യൂട്ടി കമ്മിഷണർ ഒഫ് പൊലീസ്

LEAVE A REPLY

Please enter your comment!
Please enter your name here