ആരും വിചാരിക്കുന്ന ആളല്ലെങ്കിൽ, പിന്നെ ആരാണ് ഈ ഷാജ് കിരൺ? ഇൻഡ്യാ വിഷൻ മുതൽ മംഗളം വരെ…

0

കൊച്ചി :‘എന്റെ ഹീറോ സ്വപ്ന സുരേഷാണ്. ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയെ വരെ പറ്റിച്ച ശിവശങ്കരാ നിന്റെ പണി തീർന്നു. സ്വർണക്കടത്തല്ല, ലൈഫ് മിഷനിലെ കമ്മിഷനായിരുന്നു ലക്ഷ്യം. സത്യം പുറത്തുവരണം.’ കഴിഞ്ഞ ഫെബ്രുവരി നാലിനു സ്വപ്ന സുരേഷിന്റെ ചിത്രം സഹിതം ഷാജ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു.

ഉന്നതരുമായി ബന്ധമുണ്ടാക്കി അതു പറഞ്ഞു നടക്കുന്ന ഒരു പൊങ്ങച്ചക്കാരൻ മാത്രമോ അതോ അതൊരു മുഖം മൂടി മാത്രമോ? ഷാജ് കിരണിനെക്കുറിച്ചുള്ള ദുരൂഹത ഇനിയും നീങ്ങേണ്ടതുണ്ട്.

കെ.കരുണാകരന്റെ ‘പാവം പയ്യൻ’ മുതൽ വി.എസ്.അച്യുതാനന്ദന്റെ ‘ജുഡീഷ്യൽ ദല്ലാൾ’ വരെ. മുഖ്യമന്ത്രിമാരെയോ പ്രതിപക്ഷ നേതാക്കളെയോ ചുറ്റിപ്പറ്റുന്ന രാഷ്ട്രീയ ഇടനിലക്കാർ കേരള രാഷ്ട്രീയത്തിൽ മുൻപുമുണ്ടായിട്ടുണ്ട്. അവരിലൊരാളാണോ ഈ ഷാജ് കിരൺ? സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ദൂതനെന്നാണു ഷാജ് കിരണിനുള്ള വിശേഷണം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ സമ്മർദം ചെലുത്തിയെന്നും, അതു ചെയ്തില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്ന പറയുന്നത്.

‘നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാൻ’ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് റെക്കോർഡ് ചെയ്ത സംഭാഷണത്തിൽ ഷാജ് കിരണിന്റെ വാക്കുകൾ. സ്വർണക്കടത്ത് കേസിലെ ഒത്തുതീർപ്പുശ്രമ വിവാദം പൊങ്ങിവന്നപ്പോൾ മുതൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഷാജ് കിരൺ. ആരും വിചാരിക്കുന്ന ആളല്ലെങ്കിൽ, പിന്നെ ആരാണ് ഈ ഷാജ് കിരൺ?

ബിലീവേഴ്സ് ചർച്ചുമായി ബന്ധമുള്ളയാളെന്നു പറഞ്ഞു കേസിലെ കൂട്ടുപ്രതി എം.ശിവശങ്കറാണു ഷാജ് കിരണിനെ പരിചയപ്പെടുത്തിയതെന്നും ചർച്ചിന്റെ ഡയറക്ടർ എന്നു തന്നോടു ഷാജ് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന അവകാശപ്പെടുന്നു. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ 2014 ലാണു ഷാജ് ചർച്ചുമായി ബന്ധപ്പെടുന്നത്. പിന്നീട് ഷാജിന്റെ ഭാര്യ 6 മാസത്തോളം സഭയുടെ ആശുപത്രിയിലെ എൻജിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്തതൊഴിച്ചാൽ മറ്റൊരു ബന്ധവും ഇദ്ദേഹവുമായില്ലെന്നാണു ചർച്ചിന്റെ വിശദീകരണം. ഭാര്യ സ്വയം രാജിവച്ചു.

മാധ്യമപ്രവർത്തകൻ, പിആർ ഏജൻസി നടത്തിപ്പുകാരൻ, റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ, ഇപ്പോൾ സ്വപ്നയുടെ ആരോപണമനുസരിച്ച് ‘മുഖ്യമന്ത്രിയുടെ ദൂതൻ’. ഈ വിശേഷണങ്ങൾക്കപ്പുറമുള്ള ഷാജ് ആരാണ്?

കൊട്ടാരക്കരയാണു നാട്. ഇവിടെ അമ്മയുടെ വീട്ടിലായിരുന്നു ആദ്യകാലത്ത്. എന്നാൽ, നാലഞ്ചുവർഷമായി നാടുമായി ബന്ധമില്ല. പിതാവ് സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായാണു വിരമിച്ചത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്നു ബിരുദവും കോട്ടയം എംജി സർവകലാശാലാ ക്യാംപസിൽനിന്നു ജേണലിസത്തിൽ പിജിയും. 2009 ൽ ഇന്ത്യാവിഷൻ ചാനൽ റിപ്പോർട്ടറായി തിരുവനന്തപുരത്ത്. ഇന്നു മുഖ്യധാരാ മാധ്യമങ്ങളിൽ പ്രധാന തസ്തികയിലുള്ള പലർക്കുമൊപ്പമായിരുന്നു താമസം. ഇന്ത്യാ വിഷനിൽനിന്നു ജയ്ഹിന്ദിലും പിന്നീട് ഏഷ്യാനെറ്റിലും വീണ്ടും ജയ്ഹിന്ദിലുമെത്തി. മംഗളം ചാനലിലായിരുന്നു അവസാനം.

2016 ൽ മാധ്യമപ്രവർത്തനം വിട്ടു പിആർ മേഖല തിരഞ്ഞെടുത്തു. സാമ്പത്തികശേഷിയുള്ള സെലിബ്രിറ്റികളുടെ പിആർ ആണ് ലക്ഷ്യമിട്ടത്. ആലപ്പുഴയിലെ സാമുദായിക പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിനൊപ്പമായിരുന്നു ഏറെക്കാലം. പിന്നീടു റിയൽ എസ്റ്റേറ്റ് രംഗത്ത്. സംശയനിഴലിലുള്ള പല ബിസിനസുകാരുമായും ബന്ധം. അതു സ്വന്തം വളർച്ചയ്ക്കായി ഉപയോഗിച്ചെന്നു വിമർശകർ.

പഠനകാലത്തോ മാധ്യമപ്രവർത്തനകാലത്തോ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആളായിരുന്നില്ല. എന്നാൽ കേരളത്തിലെ ഇടത്, വലത്, ബിജെപി നേതാക്കളുമായെല്ലാം പരിചയമുണ്ടാക്കി. ഈ പരിചയം വലിയ സൗഹൃദമായി സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുകയും ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എറണാകുളം പ്രസ് ക്ലബ്ബിന്റെ ജൂബിലി ആഘോഷത്തിനു പ്രധാനമന്ത്രിയെ ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട സംഘാംഗമായി നരേന്ദ്ര മോദിയെ നേരിൽ സന്ദർശിച്ചു. ഈ ചിത്രം ഉപയോഗിച്ചു ബിജെപിയിൽ സൗഹൃദവലയമുണ്ടാക്കി. ഉന്നത രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളുമായി വലിയ അടുപ്പമുണ്ടെന്ന് അവകാശപ്പെടുകയും അതു പറഞ്ഞു മേനി നടിക്കുകയും ചെയ്യുമായിരുന്നുവെന്നു സുഹൃത്തുക്കൾ പറയുന്നു. ചിത്രങ്ങളാണു തെളിവായി കാണിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here