പ്രവാസിച്ചിട്ടിക്ക് റിസർവ് ബാങ്കിന്റെ ഇടപെടൽ മൂലം തടസ്സങ്ങളൊന്നും ഇല്ലെന്നും മികച്ച നിലയിൽ ലാഭത്തിലാണു പ്രവർത്തിക്കുന്നതെന്നും കെഎസ്എഫ്ഇ അധികൃതർ വ്യക്തമാക്കി

0

ദുബായ്∙പ്രവാസിച്ചിട്ടിക്ക് റിസർവ് ബാങ്കിന്റെ ഇടപെടൽ മൂലം തടസ്സങ്ങളൊന്നും ഇല്ലെന്നും മികച്ച നിലയിൽ ലാഭത്തിലാണു പ്രവർത്തിക്കുന്നതെന്നും കെഎസ്എഫ്ഇ അധികൃതർ വ്യക്തമാക്കി. 2015-ൽ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിൽ) ഭേദഗതികൾ വരുത്തിയത് അനുസരിച്ചാണ് കെഎസ്എഫ്ഇക്ക് ചിട്ടി നടത്താൻ അനുമതി ലഭിച്ചത്. പ്രവാസികളെ ചിട്ടിയിൽ ചേർക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതിയുമുണ്ട്. വിദേശത്തുനിന്ന് ചിട്ടിയിൽ ചേരാനും ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാനും സാധിക്കും. 2019 ഫെബ്രുവരിയിൽ ആരംഭിച്ചതു മുതൽ 1599 ചിട്ടികൾ നടക്കുകയാണെന്നും 694.28 കോടി രൂപ കിഫ്ബി ബോണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ മനോരമയോടു പറഞ്ഞു. നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി.

ആർബിഐ ഇടപെടൽ മൂലം പ്രവാസിച്ചിട്ടി സ്തംഭനാവസ്ഥയിലാണെന്ന് നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ കഴിഞ്ഞദിവസം പറഞ്ഞത് ആശങ്കയുയർത്തിയ സാഹചര്യത്തിലാണ് വിശദീകരണം. അതേസമയം ചിട്ടിയിൽ മണി എക്‌സ്‌ചേഞ്ചുകൾ വഴി പണമടയ്ക്കുന്നതിന് റിസർവ് ബാങ്ക് നിയമങ്ങൾ തടസ്സമാണെന്നും ഇതു പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് ഇന്നലെ പി. ശ്രീരാമകൃഷ്ണൻ തിരുവനന്തപുരത്തു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here