കൊടകര കുഴൽപ്പണക്കേസിൽ നോട്ടീസ് നൽകിയ 7 ബിജെപി നേതാക്കൾ എങ്ങനെ ഒഴിവായി? തുടരന്വേഷണം നിലച്ചതെങ്ങനെ?

0

മിഥുൻ പുല്ലുവഴി

കൊടകര കുഴൽപ്പണക്കേസിൽ നോട്ടീസ് നൽകിയ 7 ബിജെപി നേതാക്കൾ എങ്ങനെ ഒഴിവായി? തുടരന്വേഷണം നിലച്ചതെങ്ങനെ. കേസിലെ പത്താംപ്രതി വെള്ളാങ്കല്ലൂര്‍ സ്വദേശി അബ്ദുള്‍ ഷാഹിദിന്റെ ഭാര്യ ജിന്‍ഷയെ പിടികൂടിയത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പുരോഗതി. ഇവരില്‍ നിന്നും 12 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. എന്നാൽ പിന്നീട് ഇന്നുവരെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ സെപ്റ്റംബർ 23നാണ് തുടരന്വേഷണം തുടങ്ങിയത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി 40 കോടി രൂപയുടെ കള്ളപ്പണം ബിജെപി കേരളത്തില്‍ എത്തിച്ചെന്ന് കൊടകര കേസിന്റെ കുറ്റപത്രത്തിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡൻ്റും മകനുമടക്കം 25 ബി.ജെ.പി നേതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിൽ നിന്നും 7 പേരെ ഒഴിവാക്കിയതായി സർക്കാർ രേഖകൾ പറയുന്നു. എന്നാൽ ഇവർ ആരൊക്കെയാണെന്ന് വെളിപ്പെടുത്താൻ സർക്കാരും അന്വേഷണ സംഘവും ത്താൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

കുഴൽപ്പണം കൊടകരയില്‍ മാത്രമല്ല സേലത്തും കവര്‍ച്ച ചെയ്യപ്പെട്ടു. സേലത്ത് തട്ടിയെടുത്തത് നാലരക്കോടി രൂപ. 2021 മാര്‍ച്ച് ഒന്നിനും ‌മാര്‍ച്ച് 26നും മധ്യേ ബിജെപി കേരളത്തില്‍ എത്തിച്ചത് 40 കോടി രൂപ. മാര്‍ച്ച് 5നും ഏപ്രില്‍ 5നും മധ്യേയായി തുക കേരളത്തിലെ ബിജെപി നേതാക്കള്‍ക്കു കൈമാറി. ഹവാല ഏജന്‍റുമാര്‍ വഴിയും കൊടകര കേസിലെ പരാതിക്കാരനായ ധര്‍മരാജന്‍ മുഖേനയുമാണ് ഈ പണം എത്തിച്ചത്. കൊടകര കേസിന്റെ കുറ്റപത്രത്തില്‍ പൊലീസ് ഇതു വ്യക്തമാക്കിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പ് കമ്മിഷനും എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയും ഇത് അന്വേഷിക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കുറ്റപത്രത്തിന്റെ പകര്‍പ്പ് അവര്‍ക്കു കൈമാറും. 40 കോടിയില്‍ നാലരക്കോടി രൂപ സേലത്തും മൂന്നരക്കോടി രൂപ കൊടകരയിലും നഷ്ടപ്പെട്ടു. സേലത്ത് നഷ്ടപ്പെട്ടതിനു പരാതി നല്‍കിയില്ല. കൊടകരയില്‍ പരാതി നല്‍കി. അനധികൃതമായി കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്ന പണമാണിതെന്ന് കൊടകര കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

സേലത്തുനിന്ന് കേരളത്തിലേക്കു പണം കൊണ്ടുവരുന്നതിനിടെ നാലരക്കോടി രൂപ ക്രിമിനല്‍സംഘം തട്ടിയെടുത്തു. കൊടകരയില്‍ അറസ്റ്റിലായ ചില പ്രതികളും ആ കവര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പണം നഷ്ടപ്പെട്ടതു പരാതിപ്പെടാത്തതിനാല്‍ കേസെടുത്തില്ല. ക്രിമിനല്‍സംഘം സേലത്തു തട്ടിയെടുത്ത കാര്‍ പിന്നീട് ഉപേക്ഷിച്ചു.
കൊങ്ങണാപുരം പൊലീസ് ഈ കാര്‍ കസ്റ്റഡിയിലെടുത്തു. കാറിന്റെ ഉടമയോടു ഹാജരാകാന്‍ പൊലീസ് പറഞ്ഞെങ്കിലും ഇതുവരെ വന്നില്ല. ഇനി, ഉടമ വന്നാല്‍ വിശദമായി ചോദ്യംചെയ്യുമെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. പ്രചാരണ ചെലവ് സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ ബിജെപി പാലിച്ചില്ലെന്ന ഗുരുതരമായ ആരോപണവും കൊടകര കേസിന്റെ കുറ്റപത്രത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here