സർക്കാർ ആശുപത്രിയിൽ നഴ്സിങ് ജോലിയിൽ പ്രവേശിക്കുന്നതു തടയാൻ യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി

0

കൊൽക്കത്ത∙ സർക്കാർ ആശുപത്രിയിൽ നഴ്സിങ് ജോലിയിൽ പ്രവേശിക്കുന്നതു തടയാൻ യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റിയ ഭർത്താവ് ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേർക്കുന്നത് ഒഴിവാക്കുന്നതിനായി അതു ബാഗിൽ ഒളിപ്പിക്കുകയും ചെയ്തു. ഈസ്റ്റ് ബർദ്വാൻ കേതുഗ്രാം സ്വദേശിയായ രേണു ഖാത്തൂനിന്റെ (23) വലതുകൈപ്പത്തിയാണു ഭർത്താവ് ശരീഫുൽ ശൈഖ് (26) വെട്ടിമാറ്റിയത്. ഇയാളും സഹായികളായ 2 സുഹൃത്തുക്കളും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

‍‍നഴ്സിങ്ങിൽ ഡിപ്ലോമ നേടിയ രേണു നിലവിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. സർക്കാർ ജോലി കിട്ടിയതായും സർക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ജോലി ചെയ്യേണ്ടിവരുമെന്നും രേണു ഭർത്താവിനെ അറിയിച്ചിരുന്നു. ഭാര്യ ജോലിക്കു പോകുന്നതിൽ ശരീഫുൽ ശൈഖിന് എതിർപ്പുണ്ടായിരുന്നു. ഇതുസംബന്ധിച്ചു ഭർത്താവിന്റെ വീട്ടിൽ രേണു നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി സഹോദരൻ റിപോൺ ശൈഖ് പറഞ്ഞു.

രേണു ഉറങ്ങിക്കിടക്കുമ്പോഴാണു ഭർത്താവ് വെട്ടുകത്തി കൊണ്ടു കൈപ്പത്തി വെട്ടിമാറ്റിയത്. സർക്കാർ ജോലി കിട്ടാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നു വേദനയിൽ പുളഞ്ഞ തന്നോടു ഭർത്താവ് പറഞ്ഞതായി രേണു പൊലീസിനു മൊഴിനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here