സിനിമ റിവ്യൂകള്‍ക്ക് വിലക്കോ സമപരിധിയോ ഏര്‍പ്പെടുത്തുന്നതിനോട് തരിമ്പും യോജിപ്പില്ല; ഫെഫ്ക

0

സിനിമാ റിവ്യൂവിന് വിലക്കോ സമയപരിധിയോ ഏർപ്പെടുത്തുന്ന ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോട് യോജിപ്പില്ലെന്ന് ഫെഫ്ക. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് നിലപാട് അറിയിച്ചിരിക്കുന്നത്. അതേസമയം റിവ്യൂ എന്ന പേരിൽ ബോഡി ഷെയിമിംഗ് നടത്തുക, ജാതീയവും വംശീയവും ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങൾ നൽകി സിനിമയെയും അതിൽ പ്രവർത്തിച്ചവരെയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് വെയ്ക്കാൻ സാധിക്കില്ലെന്നും സംഘടന വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങളിൽ ബാധിക്കപ്പെട്ടവർക്ക് നിയമസഹായം നൽകാനും കുറ്റവാളികൾക്കെതിരെ നടപടി ഉറപ്പു വരുത്താനും ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനമായി.

 

സിനിമകളുടെ ഓൺലൈൻ-ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് വലിയ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നതായി യോഗത്തിൽ പങ്കെടുത്ത ഡിജിറ്റൽ മാർക്കറ്റിംഗ് കോഓർഡിനേറ്റർമാരും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളും ചൂണ്ടിക്കാട്ടി. ഇതിന്റെ വെളിച്ചത്തിൽ ഫെഫ്കയിൽ അംഗത്വമുള്ള പിആർഒമാർക്കു പുറമേ സിനിമകളുടെ പ്രമോഷനു വേണ്ടി കരാറിൽ ഏർപ്പെടേണ്ട മാർക്കറ്റിംഗ് ഏജൻസികളുടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും പട്ടിക തയ്യാറാക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫെഫ്കയെ അറിയിച്ചു. ഈ പട്ടികയിലുള്ളവരുമായി മാത്രം പ്രമോഷൻ കരാറിൽ ഏർപ്പെട്ടാൽ മതിയെന്ന നിർദേശം ഫെഫ്ക അംഗീകരിച്ചു.

 

സിനിമകളുടെ ആദ്യ പ്രദർശനം കഴിഞ്ഞുള്ള ഓൺലൈൻ മാധ്യമങ്ങളുടെ തീയേറ്റർ റിവ്യൂകളിൽ തട്ടിപ്പു നടക്കുന്നുണ്ടെന്നും ഡിജിറ്റൽ-ഓൺലൈൻ മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ യോഗത്തെ അറിയിച്ചു. ഈ വിഷയം നേരത്തേ ഫിലിം ചേംബറിന്റെ യോഗത്തിൽ നിർമാതാക്കൾ ഉന്നയിച്ചിരുന്നു. തീയേറ്റർ ഉടമകളുടെ സംഘടനകളുമായി ചേർന്ന് തീയേറ്റർ റിവ്യൂകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഈ യോഗത്തിൽ തീരുമാനമായിരുന്നു. ഫെഫ്ക നേതൃത്വത്തിനു പുറമേ, റൈറ്റേഴ്സ് യൂണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ, പിആർഒ യൂണിയൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here