കിം ജോങ്‌ ഉന്നിന്റെ മകളുടെ വിവരങ്ങള്‍ പുറത്തുവിട്ട്‌ ദക്ഷിണ കൊറിയ

0


സോള്‍: ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ്‌ ഉന്നിന്റെ പിന്‍ഗാമി മകള്‍ ആണെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട്‌ ദക്ഷിണകൊറിയ.
കിമ്മിന്റെ മകള്‍ കിം ജു ഏയുടെ പ്രായവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ദക്ഷിണകൊറിയന്‍ ചാരസംഘടന എം.പിമാരോടു വെളിപ്പെടുത്തി.
വീട്ടില്‍ പ്രത്യേക സംവിധാനമൊരുക്കിയാണ്‌ കിം ജു ഏയുടെ വിദ്യാഭ്യാസം. കുതിരസവാരിയില്‍ ഏറെ താല്‍പ്പര്യമുള്ള കിം ജു ഏ, സ്‌കീയിങ്‌, നീന്തല്‍ എന്നിവയും അഭ്യസിക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.
പിതാവിനൊപ്പം തുടര്‍ച്ചയായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്‌ കിം ജു ഏ മാധ്യമശ്രദ്ധനേടിയത്‌. സൈനികപരേഡിലും ഫുട്‌ബോള്‍ മത്സരവേദിയിലും കിമ്മിന്റെ മകളെത്തിയത്‌ വ്യക്‌തമായ സൂചനയാണെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കിമ്മിന്റെ പിന്‍ഗാമി പത്തു വയസുകാരിയായ കിം ജു ഏ ആണെന്നും അഭ്യൂഹമുണ്ട്‌. കിമ്മിന്റെ രണ്ടാമത്തെ മകളാണു കിം ജു ഏ. എന്നാല്‍, ഇതുസംബന്ധിച്ച യാതൊരു സൂചനകളും കിം ജോങ്‌ ഉന്‍ നല്‍കിയിട്ടില്ല.
എന്നാല്‍, കിം ജു ഏയെക്കുറിച്ചുള്ള വിശേഷണം ഔദ്യോഗിക മാധ്യമത്തില്‍ മാറിയിട്ടുണ്ട്‌. നേരത്തെ ജനകീയ നേതാവ്‌ കിമ്മിന്റെ പ്രിയ മകള്‍ എന്നായിരുന്നു വിശേഷണം. ഇപ്പോള്‍ ആദരണീയയായ മകള്‍ എന്നാണു വിശേഷിപ്പിക്കുന്നത്‌.

Leave a Reply