നല്ല ശിവന്റെ കൂടെയെങ്കില്‍ പാപി കത്തിയെരിഞ്ഞുപോകും, ഇത് പക്ഷേ, ഡ്യൂപ്ലിക്കേറ്റ് ശിവന്‍: വി ഡി സതീശന്‍

0

കൊച്ചി: ഇ പി ജയരാജന്‍ പ്രകാശ് ജാവഡേക്കര്‍ വിഷയത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണ്. സിപിഐഎമ്മും ബിജെപിയും തമ്മിലുളള മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പ്രതിപക്ഷം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ അടിവരയിടുകയാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

നല്ല ശിവന്റെ കൂടെയാണ് പാപി കൂടിയതെങ്കില്‍ പാപി കത്തിയെരിഞ്ഞു പോകും. പക്ഷേ ഇത് ഡ്യൂപ്ലിക്കേറ്റ് ശിവനാണ്. ഇ പി ജയരാജനെ ഇപ്പോള്‍ വെറുക്കപ്പെട്ടവനാക്കി മാറ്റി. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണി തോല്‍ക്കുമ്പോള്‍ ഇ പി ജയരാജന്‍ അതിന്റെ ഉത്തരവാദിയാകും. ബലിയാടാകുന്നതും ഇ പി ജയരാജനാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

വി എസ് അച്യുതാനന്ദന്റെ കാലം മുതല്‍ സിപിഎം നേതാക്കള്‍ക്ക് ദല്ലാള്‍ നന്ദകുമാറുമായി ബന്ധമുണ്ട്. ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രി എന്തിനാണ് ബിജെപി നേതാവ് മാത്രമായ ജാവഡേക്കറെ കണ്ടത് എന്നും വി ഡി സതീശന്‍ ചോദിച്ചു.ശിവന്‍ പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നായിരുന്നു മുഖ്യമന്ത്രി ജയരാജന്‍-ജാവഡേക്കര്‍ കൂടിക്കാഴ്ച വിവാദത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണം. ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപിയുടെ ജാഗ്രക്കുറവിനെ അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചതും. ഒരുപാട് സുഹൃദ് ബന്ധമുള്ളയാളാണ് ജയരാജന്‍. ഇത്തരം സൗഹൃദങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെയാണ് അദ്ദേഹം സൂചിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here