മദ്യനയ അഴിമതിക്കേസ്‌: അരുണ്‍ രാമചന്ദ്ര പിള്ള അറസ്‌റ്റില്‍

0


ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഹൈദരാബാദില്‍ വ്യവസായിയായ മലയാളി അരുണ്‍ രാമചന്ദ്ര പിള്ളയെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) അറസ്‌റ്റ്‌ ചെയ്‌തു. ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ്‌ സിസോദിയെ ഒന്നാം പ്രതിയായ കേസില്‍ 14-ാം പ്രതിയാണ്‌ അരുണ്‍. കേസിലെ പ്രധാന കണ്ണിയാണ്‌ അദ്ദേഹമെന്നാണു സി.ബി.ഐയുടെയും ഇ.ഡിയുടെയും നിലപാട്‌.
നേരത്തെ അദ്ദേഹത്തിന്റെ ആസ്‌തികള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഹൈദരാബാദ്‌ കേന്ദ്രീകരിച്ചാണ്‌ അരുണ്‍ പ്രവര്‍ത്തിക്കുന്നത്‌.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിതയുടെ ബെനാമിയായി അന്വേഷണ ഏജന്‍സികള്‍ വിശേഷിപ്പിക്കുന്ന വ്യക്‌തിയാണ്‌ അരൂണ്‍. ആംആദ്‌മി പാര്‍ട്ടി കമ്യൂണിക്കേഷന്‍സ്‌ വിഭാഗത്തിലെ വിജയ്‌ നായരുമായി മദ്യനയം സംബന്ധിച്ചു ചര്‍ച്ച ചെയ്‌തത്‌ അരുണ്‍ രാമചന്ദ്രന്‍ പിള്ളയാണെന്ന്‌ ഇ.ഡി ആരോപിക്കുന്നു. കേസില്‍ ആരോപണം നേരിടുന്ന ഇന്തോ സ്‌പിരിറ്റ്‌ കമ്പനിയില്‍ അരുണ്‍ രാമചന്ദ്ര പിള്ളയുടെ പേരിലുള്ള ഓഹരികളുടെ യഥാര്‍ത്ഥ ഉടമസ്‌ഥ കവിതയാണെന്നാണ്‌ ഇ.ഡി. നിലപാട്‌. ഇന്തോ സ്‌പിരിറ്റ്‌ കമ്പനി എം.ഡി. സമീര്‍ മഹേന്ദ്രുവിനെതിരേ നല്‍കിയ കുറ്റപത്രത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്തോ സ്‌പിരിറ്റ്‌ കമ്പനിയുടെ 65 ശതമാനം ഓഹരി കവിതയുടേതാണ്‌. 32.5 ശതമാനം ഓഹരിയാണ്‌ അരുണിന്റെ പേരിലുള്ളത്‌.
പുതിയ മദ്യനയത്തിന്റെ പശ്‌ചാത്തലത്തില്‍ ഡല്‍ഹിയിലെ മദ്യ വിപണന സാധ്യത മുന്നില്‍ കണ്ടാണ്‌ ഇന്തോ സ്‌പിരിറ്റ്‌ കമ്പനിയില്‍ കവിതയും സംഘവും നിക്ഷേപം നടത്തിയതെന്നാണ്‌ ആരോപണം. കെ. കവിത, വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌ എം.പി എം ശ്രീനിവാസലു റെഡ്‌ഡി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സൗത്ത്‌ ഗ്രൂപ്പ്‌ നൂറ്‌ കോടിയോളം രൂപ ഡല്‍ഹിയിലെ മദ്യ ലൈസന്‍സുകള്‍ക്കായി വിജയ്‌ നായര്‍ വഴി ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ക്ക്‌ നല്‍കിയെന്നും കുറ്റപത്രം ആരോപിക്കുന്നു. അരൂണിന്റെ പേരിലുള്ള റോബിന്‍ ഡിസ്‌റ്റിലറി വഴി കവിതയുടെ ബന്ധുക്കളുടെ ഉടമസ്‌ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിലേക്കു പണം വകമാറ്റിയെന്നും ഇ.ഡി. ആരോപിക്കുന്നുണ്ട്‌.

Leave a Reply