പന്നുവിനെതിരായ ഗൂഢാലോചന: ഹർജിയിൽ പ്രതികരിക്കാൻ അമേരിക്കൻ കോടതിയുടെ നിർദേശം

0

 

 

ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വെച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറ്റാരോപിതനായ നിഖിൽ ഗുപ്തയുടെ അഭിഭാഷകർ സമർപ്പിച്ച ഹർജിയിൽ പ്രതികരിക്കാൻ ഫെഡറൽ സർക്കാരിനോട് അമേരിക്കൻ കോടതി. ജനുവരി 4ന് ഫയൽ ചെയ്ത ഹർജിയിൽ മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാനാവശ്യപ്പെട്ട് യുഎസ് ജില്ലാ ജഡ്ജി വിക്ടർ മാരേറോയായുടെതാണ് ഉത്തരവ്. 52 വയസുള്ള ഗുപ്തയെ യുഎസ് അധികൃതരുടെ നിർദ്ദേശ പ്രകാരം 2023 ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ചെക്ക് റിപ്പബ്ലിക്കിലെ ഏകാന്ത തടവറയിലാണ് ഗുപ്തയെ പാർപ്പിച്ചിരിക്കുന്നത്. യുഎസിന്റെയും കാനഡയുടെയും പൗരത്വമുള്ള ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം നിഖിൽ ഗുപ്ത പദ്ധതിയിട്ടുവെന്നാണ് ആരോപണം.

 

അതേസമയം നിഖിൽ ഗുപ്തയ്ക്ക് കോൺസുലർ പ്രവേശനവും നിയമസഹായവും ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഈ മാസം സുപ്രീം കോടതി തള്ളിയിരുന്നു. വിഷയം സെൻസിറ്റീവ് ആണെന്നും അതിൽ ഇടപെടാൻ കോടതിക്ക് പരിമിധികളുണ്ടെന്നും വിദേശ കോടതിയുടെ അധികാരപരിധി മാനിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. . “ഇത് ഒരു അന്താരാഷ്ട്ര വിഷയമാണ്, എല്ലാ വശങ്ങളും വിയന്ന കൺവെൻഷന്റെ പരിധിയിൽ വരും. കോൺസുലർ പ്രവേശനം അനുവദിച്ചില്ലെങ്കിൽ, അധികാരികളെ നേരിട്ട് സമീപിക്കാം. എന്നാൽ, നിങ്ങളുടെ പട്ടിക പ്രകാരം, നിങ്ങൾക്ക് രണ്ട് തവണ കോൺസുലാർ പ്രവേശനം ലഭിച്ചു, ”നിഖിൽ ഗുപ്തയുടെ അഭിഭാഷകൻ സി ആര്യാമ സുന്ദരത്തിന്റെ സമർപ്പണത്തിന് മറുപടിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു. അതേസമയം ഹർജിക്കാരന് തന്റെ രാജ്യത്ത് നിന്ന് സഹായം തേടാൻ അവകാശമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ സുന്ദരം വാദിച്ചു. “നിങ്ങൾ ഞങ്ങളുടെ അധികാരപരിധിയിലായിരിക്കുമ്പോൾ ഇത് ബാധകമാണ്. ഇതൊരു സെൻസിറ്റീവ് വിഷയമാണ്, ഇത് സർക്കാർ തീരുമാനിക്കട്ടെ” ജസ്റ്റിസ് ഖന്ന അഭിപ്രായപ്പെട്ടു.

 

ഗുപ്തയുടെ കുടുംബം നേരത്തെയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗുപ്തയുടെ കുടുംബത്തിലൊരാൾ നൽകിയ ഹർജിയിൽ ഗുപ്തയുടെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെന്നും നിയമം അനുസരിക്കുന്ന പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവനിൽ ആശങ്കയുണ്ടെന്നും പറഞ്ഞിരുന്നു. മനുഷ്യാവകാശ ലംഘനം, നിയമവിരുദ്ധമായ തടങ്കൽ, അടിസ്ഥാന മതപരമായ അവകാശ നിഷേധം, ചെക്ക് അധികൃതരും യുഎസും ചേർന്ന് തടങ്കലിൽ വയ്ക്കുന്നതും അറസ്റ്റുചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here