ജീവനുള്ള’ ശില; വളരും വലുതാകും, പിന്നെ…

0


ബുക്കാറസ്‌റ്റ്‌: റൊമേനിയയിലെ ട്രോവന്റ്‌ ശിലകള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. അവ വളരും, വലുതാകും. പിന്നെ അടുത്ത തലമുറയ്‌ക്കു “ജന്മം” നല്‍കുകയും ചെയ്യും. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ മഴവെള്ളവും! ആരാധകര്‍ കണ്ടെത്തിയ മറ്റു കാര്യംകൂടിയുണ്ട്‌. ട്രോവന്റിന്റെ വളര്‍ച്ച മരങ്ങളുടെ പോലെയാണ്‌. അടുത്ത തലമുറയുടെ ജനനം “മൃഗങ്ങളുടെ” പോലെയും!
തലസ്‌ഥാനമായ ബുക്കാറസ്‌റ്റില്‍നിന്ന്‌ 80 കിലോമീറ്റര്‍ അകലെയുള്ള കൊസ്‌റ്റേറ്റി ഗ്രാമത്തിലാണ്‌ ഈ അപൂര്‍വ ശിലകളുള്ളത്‌. 1000 വര്‍ഷം കൊണ്ട്‌ അവയുടെ വലിപ്പം രണ്ട്‌ ഇഞ്ച്‌ കൂടുമെന്നാണു കണക്ക്‌. മഴ വെള്ളമാണ്‌ ശിലയിലെ അത്ഭുതത്തിനു കാരണമെന്നാണു റൊമേനിയന്‍ ജിയോളജിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഡോ. മെര്‍സിയ റ്റിക്ലിനോയുടെ വിശദീകരണം. കടുപ്പമുള്ള ശിലകൊണ്ടാണ്‌ അവയുടെ കാമ്പ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. മണല്‍കൊണ്ടുള്ളതാണു പുറംതോട്‌. മഴ വെള്ളത്തിലുള്ള ധാതുക്കള്‍ ശിലയുടെ പുറംചട്ടയുമായി രാസ പ്രവര്‍ത്തനം നടത്തുന്നതോടെയാണു വലിപ്പംകൂടുന്നത്‌. മരങ്ങളുടെ പോലെ പല പടലങ്ങളായാണു ശില വളരുന്നത്‌. ഇവയില്‍നിന്നു വേര്‍പെടുന്ന കഷണങ്ങളും പിന്നീട്‌ വളര്‍ന്നുവരും.
ട്രോവന്റ്‌ ശിലകള്‍ക്കു ജീവനുണ്ടെന്നാണു ചില ഗ്രാമീണരുടെ വിശ്വാസം. വിനോദ സഞ്ചാരികളോട്‌ അവര്‍ ഇങ്ങനെ അവകാശപ്പെടുകയും ചെയ്യും. കാര്‍പാത്തിയന്‍ മേഖലയിലും ഇത്തരം ശിലകള്‍ കണ്ടെത്തിയിട്ടുണ്ട്‌. പക്ഷേ, കൊസ്‌റ്റേറ്റി ഗ്രാമത്തിലെ ശിലകള്‍ക്കാണു കൂടുതല്‍ ഭംഗി. കൂടുതല്‍ വലിപ്പമുള്ള ശിലകള്‍ കാണാന്‍ കഴിയുന്നതും ഇവിടെയാണ്‌.

Leave a Reply