ദാവൂദ്‌ ഇബ്രാഹിം പാകിസ്‌താന്‍ സ്വദേശിനിയായ പത്താന്‍ യുവതിയെ പുനര്‍വിവാഹം കഴിച്ചെന്ന്‌ വെളിപ്പെടുത്തല്‍

0

ഒളിവില്‍പ്പോയ അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിം പാകിസ്‌താന്‍ സ്വദേശിനിയായ പത്താന്‍ യുവതിയെ പുനര്‍വിവാഹം കഴിച്ചെന്ന്‌ വെളിപ്പെടുത്തല്‍. ആദ്യ ഭാര്യ മൈസാബിനുമായി വിവാഹിതനായിരിക്കെയാണ്‌ രണ്ടാം വിവാഹം നടന്നതെന്നും ദാവൂദിന്റെ സഹോദരീപുത്രനും ഹസീന പാര്‍ക്കറിന്റെ മകനുമായ അലിഷാ പാര്‍ക്കര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ മൊഴി നല്‍കി.
ദാവൂദിന്റെ കുടുംബബന്ധങ്ങളുടെ പട്ടിക അലിഷാ പാര്‍ക്കര്‍ പങ്കുവച്ചു. ദാവൂദിന്റെ ആദ്യഭാര്യ വാട്ട്‌സ്‌ആപ്പ്‌ കോളുകള്‍ വഴി ഇപ്പോഴും ആളുകളുമായി ബന്ധപ്പെടാറുണ്ടെന്ന്‌ പാര്‍ക്കര്‍ പറഞ്ഞു.
തീവ്രവാദത്തിന്‌ ധനസഹായം നല്‍കിയ കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്‌ ദാവൂദിന്റെ വംശാവലിയെക്കുറിച്ച്‌ അലിഷാ പാര്‍ക്കര്‍ വ്യക്‌തമാക്കിയ കാര്യം വിവരിക്കുന്നത്‌. ദാവൂദ്‌ സംഘം പാകിസ്‌താനിലെ കറാച്ചിയില്‍ മറ്റൊരിടത്തേക്ക്‌ താമസം മാറിയെന്നാണ്‌ പാര്‍ക്കര്‍ പറഞ്ഞതെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
തീവ്രവാദ ഫണ്ടിങ്‌ കേസില്‍ ദാവൂദിനും അടുത്ത സഹായികള്‍ക്കുമെതിരേ എന്‍.ഐ.എ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയും ഏതാനുംപേരെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. രാജ്യത്തെ വന്‍കിട നേതാക്കളെയും വ്യവസായികളെയും ആക്രമിക്കാന്‍ ദാവൂദ്‌ ഇബ്രാഹിം പ്രത്യേക സംഘം രൂപീകരിക്കുന്നതായി എന്‍.ഐ.എയ്‌ക്ക്‌ വിവരം ലഭിച്ചിരുന്നു.
വലിയ നഗരങ്ങളില്‍ അക്രമം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നെന്നായിരുന്നു വിവരം. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ്‌ ദാവൂദിന്റെ സഹോദരീപുത്രന്റെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തിയത്‌.
അലിഷാ പാര്‍ക്കറിന്റെ മൊഴി പ്രകാരം ദാവൂദിന്‌ നാല്‌ സഹോദരന്മാരും നാല്‌ സഹോദരിമാരും ഉണ്ട്‌. ദാവൂദിന്റെ ആദ്യഭാര്യയായ മൈസാബിനുമായി 2022 ജൂലൈയില്‍ ദുബായില്‍ താന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നതായും അലിഷാ പാര്‍ക്കറിന്റെ പ്രസ്‌താവനയില്‍ പറയുന്നു. മൈസാബിന്‍ ഉത്സവ ദിവസങ്ങളിലൊക്കെ തന്റെ ഭാര്യയെ വിളിക്കാറുണ്ടെന്നും വാട്‌സ്‌ആപ്പ്‌ കോളുകള്‍ വഴി സംസാരിക്കാറുണ്ടെന്നും അലിഷാ പാര്‍ക്കറിന്റെ മൊഴിയിലുണ്ട്‌.

Leave a Reply