കളഞ്ഞ വോട്ടുപെട്ടി ഇനി ഉദ്യോഗസ്‌ഥരെ ഏല്‍പ്പിക്കേണ്ട: കോടതി

0


കൊച്ചി: പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ്‌ കാന്തപുരത്തിനെതിരായ തെരഞ്ഞെടുപ്പ്‌ കേസിലെ വോട്ട്‌ പെട്ടി കാണാതായ സംഭവം ഗുരുതരകുറ്റമെന്നു ഹൈക്കോടതി. കണ്ടെടുത്ത ബാലറ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക്‌ തിരികെ നല്‍കേണ്ടെന്നും കോടതി നിര്‍ദേശിച്ചു.
സ്‌പെഷല്‍ തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിനെതിരേ ഇടതുസ്‌ഥാനാര്‍ഥി കെ.പി.എം. മുസ്‌തഫ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഇടപെടല്‍. കേസില്‍, തെരഞ്ഞെടുപ്പ്‌ കമ്മിഷനെ കക്ഷിചേര്‍ത്ത കോടതി, ഹര്‍ജി 30-നു പരിഗണിക്കാന്‍ മാറ്റി. ബാലറ്റുകള്‍ കാണാതായ സംഭവം കോടതിയുടെ മേല്‍നോട്ടത്തിലോ തെരഞ്ഞടുപ്പു കമ്മിഷനോ അന്വേഷിക്കണമെന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കമ്മിഷന്റെ നിലപാട്‌ തേടണമെന്നു വ്യക്‌തമാക്കിയ കോടതി, ഹര്‍ജി വിശദവാദത്തിനായി മാറ്റുകയായിരുന്നു. പെരിന്തല്‍മണ്ണ സബ്‌ ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന വോട്ട്‌ പെട്ടി ഇന്നലെ കോടതിയില്‍ ഹാജരാക്കാനിരിക്കേയാണു കാണാനില്ലെന്നു വ്യക്‌തമായത്‌. ഇത്‌ പിന്നീട്‌ മലപ്പുറം സഹകരണസംഘം ജനറല്‍ ജോയിന്റ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here