ഭൂമി ഇടിഞ്ഞുതാഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ അറുനൂറോളം കുടുംബങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ ഉത്തരവിട്ട്‌ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്‌ ധാമി

0

ഡെറാഡൂണ്‍: ഭൂമി ഇടിഞ്ഞുതാഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ അറുനൂറോളം കുടുംബങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ ഉത്തരവിട്ട്‌ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്‌ ധാമി. ഒരു ക്ഷേത്രവും നിരവധി വീടുകളും തകര്‍ന്ന ജോഷിമഠ്‌ സന്ദര്‍ശിച്ച മുഖ്യമന്ത്രി ധാമി സ്‌ഥിതിഗതികള്‍ നേരിട്ട്‌ വിലയിരുത്തി. ഉത്തരാഖണ്ഡില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്‌ധസമിതി രൂപീകരിച്ചു.
ജീവന്‍ രക്ഷിക്കുകയാണു സംസ്‌ഥാനസര്‍ക്കാരിന്റെ പ്രഥമപരിഗണനയെന്നും അറുനൂറോളം കുടുംബങ്ങളെ സുരക്ഷിതസ്‌ഥാനങ്ങളിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി ധാമി വ്യക്‌തമാക്കി. അടിയന്തര വൈദ്യസഹായമെത്തിക്കാനും ആവശ്യമെങ്കില്‍ ആളുകളെ വ്യോമമാര്‍ഗം ഒഴിപ്പിക്കാനും സംവിധാനമൊരുക്കി. ദേശീയ-സംസ്‌ഥാന ദുരന്തനിവാരണസേനകളെ വിന്യസിച്ചു.
ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കു പ്രതിമാസം 4000 രൂപവീതം ആറുമാസത്തേക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു വാടക അനുവദിക്കും. പ്രശ്‌നപരിഹാരത്തിനുള്ള ദീര്‍ഘകാലപദ്ധതികളും ഉടന്‍ ആവിഷ്‌കരിക്കും.

റോപ്‌വേ പ്രവര്‍ത്തനം നിര്‍ത്തി

കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ടോടെ ഭൂമി ഇടിഞ്ഞുതാഴ്‌ന്നതിനേത്തുടര്‍ന്ന്‌ ഒരു ക്ഷേത്രമാണ്‌ ആദ്യം തകര്‍ന്നത്‌. തുടര്‍ന്ന്‌, നിരവധി വീടുകള്‍ക്കു വിള്ളല്‍ വീണതോടെ പ്രദേശവാസികള്‍ ഭീതിയിലായി.
ഏഷ്യയിലെ ഏറ്റവും വലുതെന്ന പ്രശസ്‌തിയുള്ള ഔലി റോപ്‌വേയുടെ അടിയിലും ഭൂമിയില്‍ വന്‍വിള്ളലുണ്ടായി. തുടര്‍ന്ന്‌, റോപ്‌വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ചാര്‍ധാം സര്‍വകാലാവസ്‌ഥാപാത (ഹെലാങ്‌-മാര്‍വാരി ബൈപാസ്‌), എന്‍.ടി.പി.സിയുടെ ജലവൈദ്യുതി പദ്ധതി എന്നിവയും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here