വെള്ളത്തില്‍ കൊള്ള : നിര്‍ദ്ദേശങ്ങള്‍ ചവറ്റുകൊട്ടയില്‍; ജനത്തെ പുകമറയില്‍ നിര്‍ത്തി കൊള്ളയടിച്ച്‌ ജല അതോറിറ്റി

0


തിരുവനന്തപുരം : മന്ത്രിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ജല അതോറിറ്റി കൊള്ള തുടരുന്നു. എത്ര വെള്ളം ഉപയോഗിച്ചെന്ന്‌ പൊതുജനത്തെ അറിയിക്കാതെ തന്നിഷ്‌ടപ്രകാരമുള്ള ബില്ലുകള്‍ നല്‍കി കൊള്ളയടിക്കുന്നുവെന്നാണു പരാതി. വെള്ളക്കരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുകൂലനിലപാട്‌ സ്വീകരിക്കാത്ത സാഹചര്യത്തിലാണ്‌ അതോറിറ്റി ഈ തട്ടിപ്പ്‌ തുടരുന്നത്‌.
വെള്ളക്കരത്തിനു കൃത്യമായി പേപ്പര്‍ബില്‍ നല്‍കണമെന്ന വ്യവസ്‌ഥ അതോറിറ്റി അറിഞ്ഞ മട്ടില്ല. ഒരു വര്‍ഷത്തോളമായി ബില്ലുകള്‍ കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ നേരത്തെ വാര്‍ത്തകള്‍ നല്‍കിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തില്‍ മന്ത്രി റോഷി അഗസ്‌റ്റിന്‍തന്നെ ഇടപെട്ട്‌ കൃത്യമായി ബില്ല്‌ നല്‍കണമെന്ന്‌ അതോറിറ്റിക്കു നിര്‍ദ്ദേശം നല്‍കിയതാണ്‌. എന്നാല്‍ ആറുമാസമായിട്ടും അതു പാലിക്കാന്‍ അതോറിറ്റി തയാറായിട്ടില്ല. ബില്ല്‌ കൃത്യമായി നല്‍കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷനും ജല അതോറിറ്റിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. അതും കാറ്റില്‍പ്പറത്തിയാണ്‌ പകല്‍കൊളളയുമായി അതോറിറ്റി ഇറങ്ങിയിരിക്കുന്നത്‌.
നിലവില്‍ എത്ര വെള്ളം ഉപയോഗിച്ചെന്നോ എങ്ങനെയാണ്‌ ചാര്‍ജ്‌ ഈടാക്കുന്നതെന്നോ ഉപഭോക്‌താവിന്‌ അറിയാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. ഗൂഗിള്‍പേയിലോ എസ്‌.എം.എസ്‌ ആയോ ഒരു തുക വെള്ളക്കരമായി വരും. അതടയ്‌ക്കുക മാത്രമാണ്‌ ഉപഭോക്‌താവിനു മുന്നിലുള്ള പോംവഴി.
ഒരു വര്‍ഷത്തോളം മുമ്പാണ്‌ കടലാസ്‌ ബില്‍ നിര്‍ത്തലാക്കാന്‍ ജല അതോറിറ്റി തീരുമാനിച്ചത്‌. അതിനെതിരേ ശക്‌തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ്‌ മന്ത്രി ഇടപെട്ട്‌ ബില്‍ നല്‍കണമെന്നു നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ ബില്‍ നല്‍കാനുള്ള യന്ത്രങ്ങള്‍ തകരാറിലാണെന്ന വാദമാണ്‌ അതോറിറ്റി നിരത്തിക്കൊണ്ടിരുന്നത്‌. ഇപ്പോഴാകട്ടെ, ഇനി ബില്‍ നല്‍കില്ലെന്നും എല്ലാ വിവരങ്ങളും ആപ്പില്‍ വരുമെന്നും പറയുന്നു. ആപ്പ്‌ എവിടെ കിട്ടുമെന്ന ചോദ്യത്തിന്‌ നിങ്ങളെ ചേര്‍ത്തുകൊണ്ടിരിക്കുകയാണെന്ന വിചിത്രവാദമാണ്‌ അതോറിറ്റിയുടെ മറുപടി.
ബില്‍ നല്‍കാതായതോടെ തോന്നിയ നിരക്കിലാണു വെള്ളക്കരം ഈടാക്കുന്നതെന്ന പരാതി വ്യാപകമായി. നേരത്തെ 200-250 രൂപ ബില്‍ വന്നിരുന്നവര്‍ക്ക്‌ ഇപ്പോള്‍ 600 രൂപ വരെയാണു വരുന്നത്‌. ഓരോ സാമ്പത്തികവര്‍ഷവും അഞ്ചുശതമാനം വര്‍ധന നിരക്കില്‍ വരുത്തുന്നുണ്ട്‌.
എന്നാല്‍പ്പോലും ഇത്രയും തുക എങ്ങനെ വരുന്നെന്ന ചോദ്യത്തിന്‌ ഉത്തരമില്ല. എല്ലാ വര്‍ഷവും വെള്ളക്കരം കൂട്ടണമെന്ന നിര്‍ദ്ദേശം അതോറിറ്റി സര്‍ക്കാരിനു മുന്നില്‍ വയ്‌ക്കാറുണ്ട്‌. സര്‍ക്കാര്‍ അതിന്‌ അനുമതി നല്‍കാത്തതുകൊണ്ട്‌ വളഞ്ഞ വഴിയിലൂടെ ഉപഭോക്‌താവിനെ പിഴിയുകയെന്ന തന്ത്രമാണ്‌ അതോറിറ്റി നടപ്പാക്കുന്നതെന്ന്‌ ഉപഭോക്‌താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here