35 ദിവസത്തിനിടെ 60,000 മരണം; ഒടുവില്‍ സ്‌ഥിരീകരിച്ച്‌ ചൈന

0


ബെയ്‌ജിങ്‌: കോവിഡ്‌ വ്യാപനം സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെ, മരണം നിരക്ക്‌ പുറത്തുവിട്ട്‌ ചൈന. 35 ദിവസത്തിനിടെ കോവിഡ്‌ ബാധിച്ച്‌ 60,000 പേര്‍ മരിച്ചെന്നാണ്‌ ചൈനീസ്‌ ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നത്‌.
ഡിസംബര്‍ എട്ടു മുതല്‍ 12 വരെയുള്ള കാലയളവില്‍ 59,938 പേര്‍ ചൈനയില്‍ മരണത്തിനു കീഴടങ്ങിയതായി നാഷണല്‍ ഹെല്‍ത്ത്‌ കമ്മിഷനു കീഴിലുള്ള ബ്യൂറോ ഓഫ്‌ മെഡിക്കല്‍ അഡ്‌മിനിസ്‌ട്രേഷന്‍ അധ്യക്ഷ ജിയാവോ യാഹുയി പറഞ്ഞു. കാന്‍സര്‍, ഹൃദ്‌രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ രോഗങ്ങളുള്ള 54,435 പേര്‍ ഇക്കാലയളവില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ശേഷിക്കുന്ന 5,503 മരണങ്ങള്‍ കോവിഡ്‌ ബാധമൂലമുള്ള ശ്വാസകോശ രോഗങ്ങളെത്തുടര്‍ന്നാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മരിച്ചവരുടെ ശരാശരി പ്രായം 80.3 വയസാണ്‌. മരിച്ചതില്‍ 90 ശതമാനംപേരും 65 വയസിനുമേല്‍ പ്രായമുള്ളവരാണെന്നും ജിയാവോ യാഹുയി പറഞ്ഞു.
കോവിഡ്‌ വ്യാപനം സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നാരോപിച്ച്‌ ലോകാരോഗ്യ സംഘടനയും ലോകരാഷ്‌ട്രങ്ങളും ചൈനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെയും മരണങ്ങളുടെയും എണ്ണം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പരമാവധി വേഗത്തില്‍ പുറത്തുവിടണമെന്ന്‌ ചൈനയോട്‌ ആവശ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ്‌ അദാനോം ഗെബ്രിയേസസ്‌ പറഞ്ഞു. വൈറസിന്റെ ജനിതകശ്രേണീകരണം കൃത്യമായി നടത്തണമെന്നും ടെഡ്രോസ്‌ ആവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here