എസ്.ഐ പരുഷമായി പെരുമാറി; പോലീസുകാരി മുറിയില്‍കയറി കതകടച്ചു, വാതില്‍ ചവിട്ടിപ്പൊളിച്ച് എസ്.ഐ; പനങ്ങാട് സ്‌റ്റേഷനില്‍ നാടകീയരംഗങ്ങള്‍

0


കൊച്ചി: എറണാകുളം പനങ്ങാട് പോലീസ് സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍. ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ്.ഐ. പരുഷമായി പെരുമാറിയെന്ന് പോലീസുകാരിയുടെ പരാതി. സ്‌റ്റേഷന്‍ മുറിയില്‍ സംസാരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥയെ എസ്.ഐ ജിന്‍സണ്‍ ഡൊമനിക് ആക്ഷേപിച്ചെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ.ക്കെതിരേ സ്‌പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണം ആരംഭിച്ചു.

അമിത ജോലി ഭാരം തനിക്ക് നല്‍കിയതിനെതിരെ ചോദിക്കാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മനംനൊന്ത് പോലീസുകാരി മുറിയില്‍ പോയി കതക് അടച്ചിരുന്നു. ഏറെ നേരമായിട്ടും ഇവര്‍ കതക് തുറക്കാത്തതില്‍ സംശയം തോന്നി സഹപ്രവര്‍ത്തകര്‍ ചെന്നു വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനാല്‍ എസ്.ഐ ജിന്‍സണ്‍ ഡൊമനിക് വാതില്‍ ചവിട്ടി പൊളിക്കുകയായിരുന്നു.

എന്നാല്‍ യുവതി തലവേദന കാരണമാണ് വാതില്‍ അടച്ചിരുന്നതെന്നും എസ്.ഐ പറഞ്ഞു. സി.ഐ ഇല്ലാത്ത പനങ്ങാട് പോലീസ് സ്‌റ്റേഷന്റെ ചുമതല മരട് സി.ഐ ക്കാണ്. എസ്.ഐ ജിന്‍സണ്‍ ഡൊമനികിനെതിരെ സഹപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും അതൃപ്തിയുണ്ട്. അമിത ജോലി ഏല്‍പ്പിക്കുന്നതായും ആരോപണം ഉണ്ട്.

എന്നാല്‍ സംഭവത്തില്‍ പോലീസുകാരി പരാതി നല്‍കിയിട്ടില്ല. സ്റ്റേഷനില്‍ ആവശ്യത്തിനുള്ള പോലീസുകാര്‍ ഇല്ലാത്തത് വലിയ പ്രതിസന്ധിക്കിടയാകുന്നുണ്ട്. മരട് സിഐ സ്ഥലത്തെത്തി വിശദമായി കാര്യങ്ങള്‍ അന്വേഷിച്ചു.

Leave a Reply