മൂന്ന് മണിക്കൂർ പണിപ്പെട്ടിട്ടും ഞരമ്പ് കിട്ടിയില്ല; വിഷം കുത്തിവെച്ചുള്ള പ്രതിയുടെ വധശിക്ഷ മാറ്റിവെച്ചു

0

അലബാമ: വധശിക്ഷ നടപ്പാക്കുന്നതിന് മാരക മരുന്ന് കുത്തിവെയ്ക്കാൻ മൂന്നു മണിക്കൂർ ശ്രമിച്ചിട്ടും കൈയിൽ ഞരമ്പു ലഭിച്ചില്ല. ഇതേ തുടർന്ന് വധശിക്ഷ മാറ്റിവെച്ചതായി പ്രിസൺ അധികൃതർ അറിയിച്ചു. സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകീട്ട് അലബാമ പ്രിസൺ ഡെത്ത് ചേംബറിൽ വെച്ചാണ് അലൻ മില്ലറുടെ (57) വധശിക്ഷ നടപ്പാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നത്. 1999-ൽ ജോലിസ്ഥലത്ത് നടത്തിയ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ട കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.

വ്യാഴാഴ്ച അർധരാത്രിക്കു മുമ്പ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ ഞരമ്പു ലഭിക്കുന്നതിൽ പരാജയപ്പെട്ടതോടെ രാത്രി 11.30-ന് ഇയാളെ ഡെത്ത് ചേംബറിൽനിന്നു സൗത്ത് അലബാമയിലെ സാധാരണ ജയിൽ സെല്ലിലേക്ക് മാറ്റി. പ്രത്യേക സാഹചര്യത്തിൽ വധശിക്ഷ മാറ്റിവെക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളിൽ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങൾ ഇപ്പോഴും തീവ്രദുഃഖത്തിലാണെന്നും ഗവർണർ കെ. എൈവി പറഞ്ഞു.

നിരവധി നീതിന്യായ കോടതികൾ കയറിയിറങ്ങിയ ഈ കേസിൽ അവസാനം യു.എസ്. സുപ്രീം കോടതി വധശിക്ഷ ശരിവെക്കുകയായിരുന്നു. തന്റെ കക്ഷി മൂന്നുമണിക്കൂർ നേരം അതീവ വേദനയിലായിരുന്നുവെന്നും ഈ ക്രൂരതക്കെതിരെ ബന്ധപ്പെട്ടവർ മറുപടി പറയേണ്ടിവരുമെന്നും അറ്റോർണി പറഞ്ഞു

Leave a Reply