കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടു; ഗൂഢാലോചന നടത്തിയത് ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാനും; തെളിവുകൾ ലഭിച്ചെന്ന് എൻഐഎ കോടതിയിൽ

0

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെതിരെ ​ഗുരുതര ആരോപണവുമായി ദേശീയ അന്വേഷണ ഏജൻസി. കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടതായി എൻഐഎ പറയുന്നു. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചെന്ന് എൻഐഎ വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിന് വേണ്ടി കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്.

പ്രതികൾ ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ വേണ്ടി ലക്ഷ്യമിട്ടുകൊണ്ട് ഗൂഢാലോചന നടത്തി. അതിനായി കേരളത്തിൽ അറസ്റ്റിലായ 11 പ്രതികളും അവരുടെ ഓഫീസുകളിലും വീടുകളിലും പലവട്ടം ഗൂഢാലോചന നടത്തി. ഇതുമായി ബന്ധപ്പെട്ട രഹസ്യയോഗങ്ങളെല്ലാം വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് നടത്തിയത്.

കേരളത്തിലെ നിരവധി പ്രമുഖരെ ലക്ഷ്യമിട്ട് ഇവർ പ്രവർത്തിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തെളിവുകൾ റെയ്ഡിനിടെ ലഭിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രത്യേക വിഭാഗം ആളുകളുടെ ഹിറ്റ് ലിസ്റ്റ് ഇവർ തയ്യാറാക്കിയിരുന്നതായും എൻഐഎ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതികളുടെ ഓഫീസുകളിലും വീടുകളിലും നടത്തിയ പരിശോധനയിൽ നിരവധി ഡിജിറ്റൽ തെളിവുകളും ലഭിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ അടക്കമുള്ളവയും തെളിവുകളുടെ മിറർ ഇമേജും അടക്കം നിരത്തി ചോദ്യം ചെയ്താൽ മാത്രമേ ഗൂഢാലോചനയുടെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കൂവെന്നും എൻഐഎ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here