ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുകൾക്ക് തീപിടിച്ചു; ആറ് മരണം: അപകടം പട്ന റെയിൽവേ സ്റ്റേഷനു സമീപം

0

പട്ന: പട്നയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ വൻ തീപിടുത്തത്തിൽ ആറു പേർ മരിച്ചു. പട്ന ജങ്ഷൻ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. മുപ്പതോളം പേർക്ക് പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ 12 പേർ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ 10.45നാണ് തീപിടുത്തമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാൽ ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത കെട്ടിടത്തിലെ അമൃത ഹോട്ടലിലേക്കും തീപടർന്നു. ഈ രണ്ട് ഹോട്ടലിലുണ്ടായിരുന്നവരാണ് മരിച്ചത്.അഗ്നിശമന സേന തീ അണച്ചതിനു ശേഷമാണ് ഹോട്ടലുകളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുത്തത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഒരാൾക്ക് 100 ശതമാനവും മറ്റൊരാൾക്ക് 95 ശതമാനവുമാണ് പൊള്ളലേറ്റിരിക്കുന്നത്. മരിച്ചവരുടേയോ പരിക്കേറ്റ ഈ രണ്ട് പേരുടേയോ പേരോ മറ്റ് വിവരങ്ങളളോ വ്യക്തമായിട്ടില്ല. മുകൾ നിലകളിലേക്ക് തീപടരുന്നതിനിടെ നാൽപതോളം പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്കു തീ പടരുന്നതു തടയാനും അഗ്നിരക്ഷാ സേനയ്ക്കു സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here