നീണ്ട 14 വർഷക്കാലത്തെ പരിശ്രമങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം ഇതാ ലോകത്തിലെ ആദ്യത്തെ മൂന്നു ചക്ര പറക്കുംകാറിന് അനുമതിയായിരിക്കുന്നു. ഇപ്പോൾ പരീക്ഷണ പറക്കലിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്

0

നീണ്ട 14 വർഷക്കാലത്തെ പരിശ്രമങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം ഇതാ ലോകത്തിലെ ആദ്യത്തെ മൂന്നു ചക്ര പറക്കുംകാറിന് അനുമതിയായിരിക്കുന്നു. ഇപ്പോൾ പരീക്ഷണ പറക്കലിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ വിജയിച്ചാൽ ഉടൻ ഇവ വിപണിയിലിറങ്ങും. നിങ്ങൾക്ക് തന്നെ സ്വയം നിർമ്മിച്ചെടുക്കാവുന്ന തരത്തിലുള്ള ഒരു കിറ്റായിരിക്കും ലഭ്യമാവുക. ഈ വാഹനത്തിന് മണിക്കൂറിൽ 322 കിലോമീറ്റർ വേഗതയിൽ പറക്കാനാവും.

ഭൂമിയിൽ ഇറങ്ങിയാൽ പിന്നെ സ്വിച്ച്ബ്ലേഡ് എന്നറിയപ്പെടുന്ന ഈ വാഹനം സഞ്ചരിക്കുക മൂന്ന് ചക്രങ്ങളിലായിരിക്കും. വെറും 16.8 അടി നീളവും 6 അടി വീതിയുമുള്ള ഈ വാഹനം നിങ്ങളുടെ വീട്ടിലെ ഗാരേജിൽ തന്നെ സൂക്ഷിക്കാനുമാകും. എന്നാൽ വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ ഇതിന്റെ ചിറകുകളും വാലും വെറും മൂന്ന് മിനിറ്റിനുള്ളിൽ നിവരും. അതോടെ ഇതിന് ആകാശത്തിന്റെ നീലിമയിലേക്ക് ഊളിയിടാൻ കഴിയും.

കഴിഞ്ഞമാസമാണ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ സ്വിച്ച് ബ്ലേഡിന് പരീക്ഷണ പറക്കലിനുള്ള അനുമതി നൽകിയത്. സ്വിച്ച്ബ്ലേഡിന്റെ ശില്പിയും, സ്വിച്ച്ബ്ലേഡ് നിർമ്മാതാക്കളായ സാംസൺ സ്‌കൈയുടെ സി ഇ ഒ യുമായ സാം ബൗസ്ഫീൽഡ് പറയുന്നത് മണിക്കൂറിൽ 88 മൈൽ വേഗത്തിലായിരിക്കും ഇതിന്റെ ടേക്ക് ഓഫ് എന്നാണ്. അതായത്, ഈ വേഗത കൈവരിക്കുമ്പോഴായിരിക്കും സ്വിച്ച്ബ്ലേഡ് ഭൂമിയിൽ നിന്നും ഉയർന്ന് പൊങ്ങുക.

ഹൈസ്പീഡ് ടാക്സി ടെസ്റ്റിങ്, ഇൻ ദി എയർ ഫ്ളൈറ്റ് ടെസ്റ്റിങ് തുടങ്ങി പരീക്ഷണങ്ങളുടെ ഒരു ശ്രേണിതന്നെ ഇനി സ്വിച്ച്ബ്ലേഡിനു മുൻപിൽ കിടക്കുകയാണ്. ഓറിഗോൺ ആസ്ഥാനമായ നിർമ്മാതാക്കൾ അവകാശപ്പെടുന്നത് ഇതുവരെ 52 രാജ്യങ്ങളിൽ നിന്നായി 2100 പേർ ഈ വാഹന കിറ്റിനുള്ള ഓർഡർ നൽകിക്കഴിഞ്ഞു എന്നാണ്. എന്നാൽ, അന്തിമ അനുമതിക്ക് ശേഷം മാത്രമെ ഇതിന്റെ വില്പന തുടങ്ങുകയുള്ളു. നാസയിലെ എഞ്ചിനീയർമാർ, എയർലൈൻ പൈലറ്റുമാർ, വ്യവസായികൾ തുടങ്ങിയവർ ഇത് ബുക്ക് ചെയ്തവരുടെ കൂട്ടത്തിൽ ഉണ്ടെന്നും കമ്പനി വക്താവ് പറഞ്ഞു.

എഫ് എ എയുടെ പരീക്ഷണ പറക്കലിനുള്ള അനുമതി കൂടി ലഭിച്ചതോടെ കഴിഞ്ഞ ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ മാത്രം 360 ബുക്കിങ് ആണ് ലഭിച്ചത്. സ്വിച്ചബിൽ ഓടിക്കുന്നതിന് ഒരു ഡ്രൈവിങ് ലൈസൻസും ഒപ്പം ഒരു പൈലറ്റ് ലൈസൻസും ആവശ്യമാകും. ലംബമായി പറന്നുയരുന്ന മറ്റ് ആകാശ-കര വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇതിന് പറന്നുയരാൻ ഒരു വിമാനത്താവളത്തിലെ റൺവേ അത്യാവശ്യമാണ്.

ഓരു വാഹനത്തിന് 1,70,000 ഡോളർ വിലവരും എന്നാണ് കണക്കാക്കപ്പെടുന്നത്. നിരത്തിലൂടെ ഓടിക്കാവുന്ന പരമാവധി വേഗത മണിക്കൂറിൽ 200 കി. മീ ആയിരിക്കും. പറന്നുയരുമ്പോൾ പരമാവധി 13,000 അടി ഉയരത്തിൽ വരെ പറക്കാൻ ഇതിനു കഴിയും. 1130 ലിറ്റർ ഇന്ധനം കൊള്ളുന്ന ടാങ്ക് ഒരിക്കൽ പൂർണ്ണമായും നിറച്ചാൽ 724 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here