ഉറക്കം പോലും ഉപേക്ഷിച്ച് ഇണയെ തേടിയുള്ള യാത്ര; വംശനാശ ഭീഷണി നേരിട്ട് ഈ ചെറുജീവി വിഭാഗം

0

പെര്‍ത്ത്: ക്വോള്‍ എന്ന ചെറിയ ജീവിയുടെ പങ്കാളിയെ തേടിയുള്ള യാത്ര അതിനുതന്നെ വംശനാശ ഭീഷണിക്ക് കാരണമാകുന്നതായി പഠനങ്ങൾ. ഒറ്റയ്ക്ക് ജീവിക്കുന്ന സ്വഭാവമുള്ള ഇവ പങ്കാളിയെ തേടി ഉറക്കം പോലുമില്ലാതെയാണ് യാത്ര നടത്തുന്നത്. ഈ യാത്രകള്‍ ജീവി വര്‍ഗത്തിന് തന്നെ ഭീഷണിയാവുന്നെന്നാണ് ഓസ്ട്രേലിയയിലെ ഗവേഷകര്‍ അടുത്തിടെ പുറത്ത് വിട്ട പഠനത്തില്‍ വ്യക്തമാക്കുന്നത്. ആണ്‍ ക്വോളുകളാണ് ഈ വിധത്തിൽ ഉറക്കം പോലും ഉപേക്ഷിച്ച് ഇണയെ തേടി നടക്കുന്നതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ആവശ്യത്തിന് വിശ്രമം ഇല്ലാതെ വരുന്നത് ഇണ ചേരുന്ന സമയത്ത് ആണ്‍ ക്വോളുകളുടെ ജീവന് തന്നെ ഭീഷണിയാകുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.

ഓസ്ട്രേലിയ, ന്യൂ ഗിനിയ എന്നിവിടങ്ങളിലാണ് സാധാരണമായി ക്വോളിനെ കാണാറ്. കം​ഗാരു, മുള്ളന്‍പന്നി, കൊവാല, വോംബാറ്റ്സ്, വല്ലഭീസ്, എന്നിവയടക്കമുള്ള ജീവികള്‍ ഉള്‍പ്പെടുന്ന മാര്‍സൂപിയല്‍ ഇനത്തില്‍ ഉള്‍പ്പെടുന്ന ചെറിയ ജീവിയാണ് ക്വോള്‍. ഒറ്റ നോട്ടത്തില്‍ എലിയെന്ന് തോന്നാം. എങ്കിലും എലിയേക്കാളും വലിപ്പമുള്ള ജീവിയാണ് ക്വോള്‍. ക്വോള്‍ വിഭാഗത്തില്‍ പൊതുവെ ആറ് ഇനങ്ങളാണ് ഉള്ളത്. ഇതില്‍ നാലെണ്ണം ഓസ്ട്രേലിയയിലും രണ്ടെണ്ണം ന്യൂ ഗിനിയയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. മറ്റ് രണ്ടെണ്ണം ഫോസിലുകളില്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഗുഹയിലും മറ്റ് ഇരുണ്ട ഇടങ്ങളിലും പകൽ സമയം കഴിയുന്ന ഇവ ചെറിയ പക്ഷികള്‍, പല്ലികള്‍, പ്രാണികള്‍ എന്നിവയെയാണ് ആഹാരമാക്കുന്നത്.

സണ്‍ഷൈന്‍ കോസ്റ്റ് സര്‍വ്വകലാശാലയിലെ മുതിര്‍ന്ന അധ്യാപകനായ ക്രിസ്റ്റഫര്‍ ക്ലെമന്‍റ് വിശദമാക്കുന്നത് അനുസരിച്ച് ഇണകളെ തേടി ഇവ ബഹുദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഇണചേരാനുള്ള ആഗ്രഹം ഇവയുടെ ഉറക്കം വരെ കളയുന്നുവെന്നാണ്. ക്രിസ്റ്റഫര്‍ ക്ലെമന്‍റ് ക്വീന്‍സ്ലാന്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. ബുധനാഴ്ചയാണ് പഠനം പ്രസിദ്ധീകരിച്ചത്. ഓസ്ട്രേലിയയിലെ വിവിധ ഇടങ്ങളിലൂടെ സഞ്ചരിച്ച് ക്വോളുകളുടെ രീതികള്‍ നിരീക്ഷിച്ച ശേഷമാണ് ക്രിസ്റ്റഫര്‍ പഠനത്തെ സാധൂകരിക്കുന്ന ഡാറ്റ തയ്യാറാക്കിയിട്ടുള്ളത്. ഒരു രാത്രിയില്‍ 40 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന ക്വോളുകളേയും പഠനത്തിന് ഇടയില്‍ കണ്ടെത്താന്‍ സാധിച്ചുവെന്നാണ് ക്രിസ്റ്റഫര്‍ വിശദമാക്കിയത്.

പെണ്‍ ക്വോളുകളേപ്പോലെ ഭക്ഷണം തേടുമ്പോള്‍ ഇരപിടിയന്മാരെക്കുറിച്ച് ആണ്‍ ക്വോളുകള്‍ ബോധവാന്മാരല്ല. പരാദ ജീവികളുടെ ആക്രമണം കൂടുതല്‍ നേരിടേണ്ടി വരുന്നതും ആണ്‍ ക്വോളുകളാണെന്നും പഠനം വിശദമാക്കുന്നുണ്ട്. വലിയൊരു ശതമാനം ആണ്‍ ക്വോളുകളും ഇണചേരുന്ന കാലം കഴിയുന്നതോടെ മരണത്തിന് കീഴടങ്ങുന്നുവെന്നും പഠനം വിശദമാക്കുന്നുണ്ട്. ഉറക്കം നിയന്ത്രിക്കുന്നതില്‍ ആണ്‍ ക്വോളുകള്‍ അപകടകരമായ മാതൃത നല്‍കുന്നുണ്ടെന്നും ഗവേഷണത്തില്‍ വിശദമാക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ക്വോളുകളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം ഓസ്ട്രേലിയയില്‍ സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here