ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

0

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നതില്‍ സുപ്രീം കോടതി വിധി പറഞ്ഞില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. അടുത്ത വ്യാഴാഴ്ച ഹര്‍ജി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് വീണ്ടും പരിഗണിച്ചേക്കും.

അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഇഡി നിലപാടെടുത്തു. രാഷ്ട്രീയക്കാരന്‍ എന്നതല്ല, ഓരോ വ്യക്തിക്കും അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാവാമെന്ന് കോടതി പറഞ്ഞു. കെജരിവാള്‍ ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പു കാലമാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ രാവിലെ കോടതി അതൃപ്തി പ്രകടിപ്പിച്ചു. അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തതു വരെയുള്ള കേസ് ഫയലുകള്‍ ഹാജരാക്കാന്‍ ഇഡിയോട് കോടതി ആവശ്യപ്പെട്ടു.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പും ശേഷവുമുള്ള അന്വേഷണ പുരോഗതിയുടെ വിവരങ്ങള്‍ അറിയിക്കാനും കോടതി ഇഡിക്കു നിര്‍ദേശം നല്‍കി. അന്വേഷം ഇഴഞ്ഞുനീങ്ങുന്നതിനെ കോടതി ചോദ്യം ചെയ്തു. രണ്ടു വര്‍ഷമെടുത്താണ് എന്തെങ്കിലുമൊരു പുരോഗതിയുണ്ടാവുന്നത്. പ്രതികളോടും സാക്ഷികളോടും കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാതെ ഇഡി വളഞ്ഞ വഴി സ്വീകരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.

കേസില്‍ കെജരിവാളിന്റെ പങ്ക് പിന്നീട് വ്യക്തമായതെന്ന് ഇഡിക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. തുടക്കത്തില്‍ കെജരിവാളില്‍ ആയിരുന്നില്ല ഫോക്കസ്. പിന്നീടു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെട്ടു. ഗോവ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കെജരിവാള്‍ സെവന്‍ സ്റ്റാര്‍ ഹോട്ടലിലാണ് തങ്ങിയതെന്നും ഡല്‍ഹി പൊതു ഭരണ വകുപ്പ് ഇതിനു ഭാഗികമായി പണം നല്‍കിയിട്ടുണ്ടെന്നും എസ് വി രാജു പറഞ്ഞു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കള്ളപ്പണക്കേസില്‍ മാര്‍ച്ച് 21നാണ് കെജരിവാളിനെ അറസ്്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജരിവാളിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ കഴിഞ്ഞിട്ടില്ല.

അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. അതിനിടെ വിചാരണക്കോടതി കെജരിവാളിന്‍റെ കസ്റ്റഡി കാലാവധി 20 വരെ നീട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here