ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ് ക്ലാസ് മുറിയിൽ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം; പതിനേഴുകാരി മരിച്ചത് കടിയേറ്റ് അരമണിക്കൂറിനുള്ളിൽ

0

ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ് ക്ലാസ് മുറിയിൽ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം; പതിനേഴുകാരി മരിച്ചത് കടിയേറ്റ് അരമണിക്കൂറിനുള്ളിൽ

ക്ലാസ് മുറിയിൽ ഉഗ്രവിഷമുള്ള ബ്ലാക്ക് മാംബ കടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. സിംബാബ്‌വെയിലെ റൂഷിംഗ ഹൈസ്കൂളിലെ മെലഡി ചിപുതുര എന്ന 17കാരിയെയാണ് ക്ലാസ് മുറിയൽ ഒളിച്ചിരുന്ന പാമ്പ് കടിച്ചത്. ഉടനെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാമ്പ് മെലഡിയുടെ തുടയിലാണ് ശക്തിയായി കടിച്ചത്. ഇതേത്തുടർന്ന് പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചു. മറ്റു കുട്ടികൾ പാമ്പിനെ കണ്ടതോടെ അലറിവിളിച്ചുകൊണ്ട് നാല് പാടും ചിതറി ഓടുകയായിരുന്നു. ചിലർ ജനാല വഴി പുറത്തേക്ക് ചാടുകയും ചെയ്തു. സ്കൂൾ അധികൃതർ വിവരം അറിഞ്ഞയുടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ പരിശോധിക്കും മുൻപ് തന്നെ പെൺകുട്ടിയുടെ മരിച്ചു. കടിയേറ്റ് അരമണിക്കൂറിനുള്ളിൽ തന്നെ മെലഡിയുടെ മരണം സംഭവിച്ചതായി അധ്യാപകർ പറയുന്നു.

സ്കൂൾ സ്ഥിതി ചെയ്യുന്നത് പാമ്പുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും ഏറെ ദൂരത്തിലാണ്. അതിനാൽ ക്ലാസ് റൂമിനുള്ളിലേക്ക് പാമ്പ് എങ്ങനെയെത്തി എന്നതാണ് സ്കൂൾ അധികൃതരുടെ സംശയം. എന്നാൽ സ്കൂൾ സ്ഥിതി ചെയ്യുന്നതിനു സമീപമുള്ള പ്രദേശവാസികളിൽ ഒരാൾ സംഭവം നടക്കുന്നതിന് അല്പം മുമ്പായി പാമ്പിനെ കണ്ടതായും റിപ്പോർട്ടുകളുണ്ട്. പാമ്പിനെ കണ്ട ഗ്രാമവാസികളാരെങ്കിലും അതിനെ ആക്രമിക്കാൻ ശ്രമിച്ചതിനെതിനെ തുടർന്നാവാം അത് സ്കൂളിലേക്ക് രക്ഷ തേടി ഇഴഞ്ഞു കയറിയതെന്നാണ് നിഗമനം.

മെലഡിയും സഹപാഠികളും സംഭവം നടക്കുന്നതിന് മുൻപായി സ്കൂൾ ഗ്രൗണ്ടിൽ സ്പോർട്സ് പരിശീലനങ്ങളിൽ ഏർപ്പെടുകയായിരുന്നു. പാമ്പ് ഒഴിഞ്ഞ ക്ലാസ് മുറി കണ്ട് സുരക്ഷിത സ്ഥാനമെന്ന് കരുതിയാവാം അതിനുള്ളിൽ കയറിയത്. ക്ലാസിൽ മടങ്ങിയെത്തിയ സമയത്താണ് മെലഡിക്ക് പാമ്പുകടിയേറ്റത്. അതിനുശേഷം മറ്റൊരു വിദ്യാർത്ഥിയെയും കടിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് തന്നെ അതിനെ വിദ്യാർത്ഥികൾ ചേർന്ന് കൊന്നു..

ആഫ്രിക്കയിലെ ഏറ്റവും വിഷമേറിയ പാമ്പുകളിൽ ഒന്നാണ് ബ്ലാക്ക് മാംബകൾ. കടിയേറ്റാൽ അരമണിക്കൂറിനുള്ളിൽ മരണം സംഭവിക്കത്തക്ക വീര്യമേറിയതാണ് ഇവയുടെ വിഷം. ഇതിനുപുറമേ ലോകത്തിലെ ഏറ്റവും വേഗതയേറിയ പാമ്പ് എന്ന പദവിയും ബ്ലാക്ക് മാംബകൾക്ക് സ്വന്തമാണ്. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ ഇഴഞ്ഞു നീങ്ങാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഉഗ്രവിഷമുള്ള ഇനമാണെങ്കിലും മനുഷ്യ സാന്നിധ്യം അറിഞ്ഞാൽ ഒളിച്ചിരിക്കാനാണ് ഇവ ശ്രമിക്കാറ്. ജീവന് ഭീഷണിയുണ്ടെന്നു തോന്നുമ്പോൾ മാത്രമേ ആക്രമണത്തിന് മുതിരാറുള്ളു. രണ്ട് മീറ്റർ മുതൽ മൂന്നു മീറ്റർ വരെ നീളവും ഇവയ്ക്ക് ഉണ്ടാവും.

അനേക ജീവിവർഗങ്ങൾ ഇട തിങ്ങി പാർക്കുന്ന ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തനും കുപ്രസിദ്ധനുമായ വിഷപ്പാമ്പാണ് ഇത്. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയെപ്പറ്റി കഥകൾ പൊടിപ്പും തൊങ്ങലും വച്ചു പ്രചരിക്കുന്നുണ്ട്. ഒട്ടേറെ ഭീതിദമായ കഥകൾ. മരണത്തിന്റെ ചുംബനം എന്നാണ് ബ്ലാക്ക് മാംബയുടെ കടി ആഫ്രിക്കയിൽ അറിയപ്പെടുന്നത്. അത്ര മാരകമായ വിഷമാണ് ഈ പാമ്പിനുള്ളത്. ന്യൂറോ, കാർഡിയോ ടോക്സിനുകൾ അടങ്ങിയതാണ് ഇവയുടെ മാരക വിഷം.തെക്കൻ ആഫ്രിക്കയിൽ ആളുകൾക്ക് ഏൽക്കുന്ന പാമ്പുകടികളിൽ ഏറിയ പങ്കും ഈ പാമ്പിൽ നിന്നാണ്. ഒട്ടേറെ മരണങ്ങളും ഇതുണ്ടാക്കാറുണ്ട്

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പല്ല ബ്ലാക്ക് മാംബ, എന്നാൽ വിഷം ഏൽപിക്കുന്ന രീതിയിലെ മികവ് ഇതിനെ, ഓസ്ട്രേലിയയിലെ കോസ്റ്റൽ ടൈപാനൊപ്പം ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പാക്കുന്നു. ഇന്ന് ബ്ലാക്ക് മാംബയുടെ വിഷത്തെ പ്രതിരോധിക്കുന്നതിനുള്ള മറുവിഷങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എങ്കിലും കടിയേറ്റ ശേഷം ചികിത്സ വൈകിയാൽ ജീവനഷ്ടത്തിനുള്ള സാധ്യത വളരെക്കൂടുതലാണ്. എന്നാൽ കഥകളിൽ പറയുന്നതു പോലെ മനുഷ്യരെ ഓടിച്ചിട്ടു പിടിച്ച് ആക്രമിക്കുന്ന പാമ്പല്ല ബ്ലാക്ക് മാംബയെന്ന് ഗവേഷകർ പറയുന്നു. പരമാവധി നാലു മീറ്റർ വരെയൊക്കെ നീളം വയ്ക്കുന്ന ഇവ കഴിയുന്നതും മനുഷ്യരെ ഒഴിവാക്കാൻ നോക്കാറുണ്ട്. പല പാമ്പുകളെയും പോലെ സ്വയം പ്രതിരോധത്തിനായാണ് ഇവ കടിക്കുന്നത്.

മൂർഖന്റെ കുടുംബത്തിൽ ഉൾപ്പെടുന്ന ബ്ലാക്ക് മാംബയുടെ പേര് സുലു ഭാഷയിലെ ഇംമാംബ എന്ന പദത്തിൽ നിന്നാണു ലഭിച്ചത്. വേസ്റ്റൺ മാംബ, ഗ്രീൻ മാംബ, ജേസൺസ് മാംബ എന്നിങ്ങനെ മാംബയെന്നു പേരുള്ള മൂന്ന് പാമ്പിനങ്ങൾ കൂടി ആഫ്രിക്കയിലുണ്ട്. ഇവയുടെ ശരീരനിറം പച്ചയാണ്. ബ്ലാക്ക് മാംബയ്ക്ക് ആഫ്രിക്കയിൽ അധികം വേട്ടക്കാരില്ല.ചില കഴുകൻമാരാണ് ഇവയെ പ്രധാനമായും വേട്ടയാടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here