ബ്രസീലിയൻ തെരുവിലെ ഷൂ പോളിഷുകാരൻ ലോകത്തെ കീഴടക്കിയത് അവിശ്വസനീയമായി; കടലാസ് പന്ത് ഉരുട്ടിക്കളിച്ചു തുടങ്ങിയ മഹാപ്രതിഭ രാഷ്ട്രീയക്കാരനായും ബിസിനസുകാരനായും തിളങ്ങി

0


ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ താരം ആരെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ പെലെ. എന്നാൽ എളിമയായിരുന്നു പെലെ എന്ന താരത്തിന്റെ മുഖമുദ്ര. പെലെയുടെ പ്രശസ്ത്രി ബ്രസീലിനും ഫുട്‌ബോളിനും മുകളിലെത്തിയപ്പോൾ പോലും അദ്ദേഹത്തിന്റെ എളിമയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചില്ല. ബസീലിലെ റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള ബൗറുവിലെ തെരുവിൽ പന്തു തട്ടി നടന്ന ആ ദരിദ്ര ബാലന്റെ എളിമയും വിനയവും സ്‌നേഹവും എന്നും കാത്തു സൂക്ഷിച്ചാണ് അദ്ദേഹം മറഞ്ഞത്. എന്തൊക്കെയായാലും ലോകം മുഴുവനുള്ള കായിക പ്രേമികളുടെ ഹരമായ ഫുട്‌ബോളിന്റെ ചരിത്രം പറയണമെങ്കിൽ പെലെയുടെ കഥ പറഞ്ഞാലേ അത് പൂർത്തിയാവുകയുള്ളൂ എന്നത് നിയോഗം.

സമർപ്പണവും ഏകാഗ്രതയും കഠിനപ്രയത്‌നവും ഒന്നിച്ചപ്പോൾ പെലെയെ ഫുട്‌ബോളിന്റെ ചക്രവർത്തിയാക്കി.പന്തടക്കത്തിൽ മികച്ച നിയന്ത്രണം. എതിരാളിയുടെ ഓരോ നീക്കവും എന്തെന്ന് മുൻകൂട്ടി അറിയാനുള്ള ബുദ്ധി. ഇതെല്ലാമാണ് അദ്ദേഹത്തെ ഫുട്‌ബോൾ പ്രേമികളുടെയും കായികലോകത്തിന്റെയും പ്രിയപ്പെട്ടവനാക്കിയത്. ഇൻസൈഡ് ലെഫ്റ്റ് പൊസിഷനിൽ കളിക്കുന്നതിലായിരുന്നു പെലെ ഏറെ മികവുകാട്ടിയത്. അഞ്ചടി എട്ട് ഇഞ്ച് മാത്രം പൊക്കമുള്ള പെലെ പന്ത് ഹെഡ് ചെയ്ത് ഗോളാക്കുന്നതിൽ പ്രത്യേക നൈപുണ്യം പുലർത്തി.

1958ൽ ആദ്യ ലോകകപ്പ് കളിക്കുമ്പോൾ പെലെയ്ക്കു പ്രായം 17 വയസ്സ്. സെമി ഫൈനലിൽ ഹാട്രിക്, ഫൈനലിൽ 2 ഗോൾ, ആകെ 4 മത്സരങ്ങളിൽനിന്ന് നേടിയത് 6 ഗോൾ. ആ വർഷം ഫൈനലിലെ ഗോളുകൾ കണ്ട സ്വീഡനിലെ കമന്റേറ്റർമാർ ‘വിസ്മയം’ എന്നാണ് പെലെയുടെ കളിയെ വാഴ്‌ത്തിയത്. ശവപ്പെട്ടിക്കുള്ളിൽ നിന്നുപോലും ഗോളടിക്കാൻ കഴിയുന്നവൻ എന്ന വിശേഷണവും ചാർത്തിക്കിട്ടി. 1959ൽ മാത്രം 103 മത്സരങ്ങളിലാണ് പെലെ ഇറങ്ങിയത്. ശരാശരിക്കണക്കിൽ ഓരോ 3 ദിവസവും ഒരു കളി വീതം. കരിയറിലാകെ 1363 കളികളിൽ പെലെ 1279 ഗോൾ നേടിയെന്നാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ കണക്ക്. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റെക്കോർഡും പെലെയ്ക്കാണ്. 92 കളികളിൽ 77 ഗോൾ.

പെലെയുടെ ആകെ ഗോളുകളുടെ എണ്ണത്തിൽ പല അഭിപ്രായങ്ങളുണ്ട്. മൊത്തം 1363 മൽസരങ്ങളിൽനിന്ന് 1281 ഗോൾ എന്നതാണു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഈ ഗോളുകളിൽ ബ്രസീൽ ദേശീയ ടീമിനുവേണ്ടി മാത്രം അടിച്ചത് 95 ഗോളുകളാണ് എന്നതും അദ്ഭുതം. പെലെ രണ്ടു ക്ലബ്ബുകൾക്കു വേണ്ടി മാത്രമേ കളിച്ചിട്ടുള്ളൂ: 15-ാം വയസ്സിൽ തന്റെ ആദ്യ ക്ലബ്ബായ സാന്റോസ് (ബ്രസീൽ) നു വേണ്ടി ജേഴ്‌സിയണിഞ്ഞു. 1956 മതൽ 1974 വരെ, ന്യൂയോർക്ക് കോസ്‌മോസ് (യു. എസ്.) ആകെ നാലു ലോകകപ്പുകളിൽ (1958, 62, 66, 70) പങ്കെടുക്കുകയും പതിനാലു മത്സരങ്ങൾ കളിക്കുകയും ചെയ്ത പെലെയുടെ പേരിലായിരുന്നു ഒരു കാലത്ത് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ്).

ലോകകപ്പിൽ പെലെയുടെ ആകെ ഗോളുകളുടെ എണ്ണം 12. ഈ ബഹുമതി ഇപ്പോൾ മറ്റൊരു ബ്രസീലുകാരന്റെ പേരിലാണ് റൊണാൾഡോ (ആകെ 15 ഗോളുകൾ). പെലെ കാൽപന്തുകളിയോട് വിടപറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു. എങ്കിലും ലോകഫുട്‌ബോളിന്റെ പ്രതീകം പെലെ തന്നെ. പെലെയുടെ കാലത്ത് ജീവിച്ചവർ എന്ന് അഹങ്കരിച്ചവരായിരുന്നു അന്നത്തെ തലമുറ. ഏറ്റവുമധികം ഗോൾ നേട്ടവുമായി, നാലു ലോകകപ്പ് കളിക്കുകയും മൂന്നു കപ്പുകൾ നേടുകയും ചെയ്ത ലോക റെക്കോർഡിട്ട് അയാൾ ഫുട്‌ബോളിന്റെ അധിപനായി. ആരാധകർ കറുത്ത മുത്തെന്നും രാജാവെന്നും വാഴ്‌ത്തി. ഷൂ പോളിഷുകാരനായി തീരുമായിരുന്ന ജീവിതത്തെയാണു കഠിനാധ്വാനം കൊണ്ടു പെലെ മിനുക്കിയെടുത്ത് ആരാധകരെ അമ്പരപ്പിച്ചത്.

ഷൂപോളിഷുകാരനിൽ നിന്നും കാൽപന്തുകാരനായി
പ്രൊഫഷണൽ ഫുട്‌ബോൾ താരമായിരുന്നു. പെലെയുടെ പിതാവ്. നഗരങ്ങളിൽ ജീവിതം തേടി നടന്ന ഡോണ്ടിഞ്ഞോ ഒടുവിൽ ബൗറുവിലാണ് അഭയം കണ്ടെത്തിയത്. അവിടെ സെപ്റ്റംബർ ഏഴ് എന്ന തെരുവീഥിയിൽ ‘ഡിക്കോ’ എന്ന ഓമനപ്പേരോടെ എഡ്‌സൻ എന്ന ആ ബാലൻ ആദ്യത്തെ പന്തുതട്ടി. ഏഴാം വയസ്സു മുതൽ പെലെയുടെ കാലിൽ കാന്തം പോലെ പന്തൊട്ടിയിരുന്നു. പക്ഷേ, പിതാവ് പരുക്കുമൂലം കളി നിർത്തിയപ്പോൾ ദാരിദ്ര്യം ജീവിതത്തെ കാലുവച്ച് വീഴ്‌ത്തി. നിരത്തിലും റെയിൽവേ സ്റ്റേഷനിലും ഷൂ പോളിഷുകാരനായി ഡിക്കോ. ഇടതുകയ്യിൽ പന്തും വലതു കയ്യിൽ ഷൂ പോളിഷ് കിറ്റുമായി ഒരു പയ്യൻ!

തെരുവോരങ്ങളിൽ, ഷൂ ഇടാത്തവരുടെനഗ്‌നപാദ ടീമുകളിൽ അവൻ കളി തുടർന്നു. കടലാസ് പന്തുകളും ഓറഞ്ചുമൊക്കെ തട്ടിത്തുടങ്ങിയപ്പോൾ കൂട്ടുകാർ അവനു മറ്റൊരു പേരുകൂടിയിട്ടു: പെലെ പാദം, അഴുക്ക്, മണ്ണ് എന്നിങ്ങനെ അർഥങ്ങൾ. ബൗറു മേയർ സ്പോൺസർ ചെയ്ത ബോയ്സ് ടൂർണമെന്റിൽ പതിനൊന്നാം വയസ്സിൽ പെലെ എന്ന ഗോളടിയന്ത്രം പിറന്നു. കൂട്ടുകാരിട്ട ഇരട്ടപ്പേരുമായി അവൻ ലോകമാകെ അലയടിക്കാൻ തുടങ്ങി. ലക്ഷക്കണക്കിന് ആളുകളുടെ ശ്വാസവും നിശ്വാസവുമായി പെലെ. അച്ഛന്റെ കൂട്ടുകാരനും 1934ൽ ബ്രസീൽ ലോകകപ്പ് ടീമംഗവുമായിരുന്ന വാർഡർ ഡി ബ്രിട്ടോയാണ് പെലെയിലെ ‘മാന്ത്രികസിദ്ധി’യെ ദീർഘദർശനം ചെയ്തത്. സബ്ജൂനിയർ കളിക്കാർക്കായി പരിശീലനത്തിനെത്തിയപ്പോൾ പെലെയിലെ ലോകോത്തര ഫുട്ബോളറെ ബ്രിട്ടോ തിരിച്ചറിഞ്ഞു. അങ്ങിനെയാണ് പതിനഞ്ചാം വയസ്സിൽ ബ്രസീലിലെ സാന്റോസ് ക്ലബ്ബിലേക്ക് എത്തിപ്പെടുന്നത്. പെലെയെ വിശ്വതാരമാക്കിയതു സാന്റോസ് ഫുട്ബോൾ ക്ലബാണ്; തിരിച്ചുമങ്ങനെ പറയാം.

ബ്രസീലിനെ വിജയങ്ങളിലേക്ക് നയിച്ച താരം
ബ്രസീലിനൊപ്പം 3 ലോകകപ്പ് നേട്ടങ്ങളിലും (1958,1962,1970) പങ്കാളിയായി. 1962ൽ പെലെയെ ‘ദേശീയ സ്വത്ത്’ ആയി ബ്രസീൽ പ്രഖ്യാപിച്ചു. ‘റീപ്ലേ’യുടെ ധാരാളിത്തം ഇല്ലെന്നതാണ് ഈ സാംബാ നർത്തകന്റെ പ്രത്യേകത. ആവർത്തിക്കപ്പെടാത്ത, അനുകരിക്കാനാവാത്ത കേളീവൈഭവം. നീണ്ട പാസ്സുകൾ. കണിശതയാർന്ന പന്തടക്കം. എതിരാളിയുടെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള ബുദ്ധി. സഹതാരത്തിന്റെ പാഞ്ഞുവരുന്ന പാസ് നെഞ്ചിലേക്ക് ആവാഹിച്ച്, നൊടിയിടയിൽ കാലുകൊണ്ട് പോസ്റ്റിലേക്കു വെടിയുണ്ട കണക്കെ പായിക്കാനുള്ള മികവ്. പന്ത് ഹെഡ് ചെയ്ത് ഗോളാക്കുന്നതിലും ഉണ്ടായിരുന്നു ‘പെലെ ടച്ച്’. അതിനാൽത്തന്നെയാണു മൂന്നു പതിറ്റാണ്ടിലധികം ബ്രസീലുകാർ ഉറ്റവുമധികം ഉച്ചരിച്ച വാക്കായും പെലെ മാറിയത്.

ഫുട്‌ബോൾ കൂട്ടുകളിയുടെ ചന്തമാണെന്നു സ്ഥാപിക്കപ്പെട്ടതും പെലെയുടെ കാലത്താണ്. ഗരിഞ്ച, വീവ, ജെർസീന്യോ, പെലെ എന്നിവർ പരസ്പരം പന്തുകൈമാറി കളിക്കളം ഇളക്കിമറിച്ച കാലം ഫുട്‌ബോളിന്റെ സുവർണകാലമെന്നു ഫുട്‌ബോൾ പ്രേമികൾ കോൾമയിർ കൊള്ളുന്നു. ഡബിൾ പാസിന്റെ ഉപജ്ഞാതാവായിരുന്നു പെലെ. ബ്രിട്ടിഷുകാർ സിസർകട്ട് എന്ന് പറഞ്ഞൊതുക്കിയെങ്കിലും പിന്നിലേക്കും കണ്ണുനട്ട്, മലക്കം മറിഞ്ഞുള്ള ആ സ്‌കോറിങ് ഫുട്‌ബോൾ കൊണ്ടു സൃഷ്ടിച്ച മനോഹര കവിതകൾ തന്നെയായിരുന്നു. വിശ്വവിജയങ്ങളിലും താരപരിവേഷത്തിലും അഹങ്കരിക്കാതെ, വിനയത്തോടെയും പുഞ്ചിരിയോടെയും താനൊരു മനുഷ്യനാണെന്നു പെലെ നമ്മെ ഓർമിപ്പിച്ചു കൊണ്ടുമിരുന്നു.

പക്ഷേ, പെലെ അമാനുഷിക പ്രകടനം കാഴ്ചവയ്ക്കാത്തപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യവും ബുദ്ധിപരമായ നീക്കങ്ങളും ടീമിനു മാത്രമല്ല ടൂർണമെന്റിനാകെയൊരു നിലവാരം സമ്മാനിച്ചിരുന്നു. പെലെ കളിച്ച നാലു ലോകകപ്പുകളിലും അദ്ദേഹം കാര്യമായി സ്‌കോർ ചെയ്തില്ല. 58ൽ ജെസ്റ്റ് ഫോണ്ടെയ്നും 66ൽ യുസേബിയോയും 70ൽ ഗെർഡ്മുള്ളറും ടോപ് സ്‌കോറർമാരായി. 62ൽ ആകട്ടെ ബ്രസീലിന്റെ തന്നെ ഗാരിഞ്ചയും വാവയും ടോപ് സ്‌കോറർമാരുടെ ലിസ്റ്റിൽ വന്നു. അപ്പോൾ പെലെയെ രാജാവാക്കുന്നത് മറ്റുപലതുമാണ്. മറഡോണയും ഒരു സൂപ്പർ സ്‌കോറർ അല്ലായിരുന്നല്ലോ.

കമ്പ്യൂട്ടർ ആനിമേഷനിലൂടെ മാത്രം പുതിയ തലമുറ കണ്ട കളിക്കളത്തിലെ പെലെയുടെ ചടുല നീക്കങ്ങൾ അവയ്ക്കു നേർസാക്ഷികളായൊരു തലമുറയെ എത്രത്തോളം ത്രസിപ്പിച്ചിട്ടുണ്ടാകണം. പെലെയ്ക്കു ഫോം നഷ്ടപ്പെട്ടെന്നു പറഞ്ഞ കോച്ചിനു സ്ഥാനം പോയത് ആരാധകർ പെലെയിൽ അർപ്പിച്ച വിശ്വാസത്തിന് ഉദാഹരണം. പ്രൊഫഷണലിസമോ കോച്ചിങ്ങിലെ സാങ്കേതികത്തികവോ ഇന്നത്തേതുപോലെയല്ലായിരുന്നൊരു കാലത്തായിരുന്നു പെലെ ഫുട്ബോൾ കോർട്ടുകൾ കീഴടക്കിയത്. അദ്ദേഹത്തിന്റെ മനസ്സിനും താളത്തിനുമൊപ്പം ടീം ചലിച്ചു. രാജ്യം ചലിച്ചു. ഫുട്ബോൾ ലോകം ചലിച്ചു. മറ്റാർക്കും സാധിക്കാത്ത കാര്യം. അതേ, ഫുട്ബോളിലെ രാജകിരീടം പെലെയുടെ ശിരസിൽ തന്നെയിരിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here