ചുമമരുന്ന്‌ കഴിച്ച്‌ കുട്ടികളുടെ മരണം; ഉസ്‌ബെക്ക്‌ സര്‍ക്കാരില്‍നിന്ന്‌ വിശദാംശങ്ങള്‍ തേടി കേന്ദ്രം

0


ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത ചുമമരുന്ന്‌ കഴിച്ച്‌ ഉസ്‌ബെക്കിസ്‌ഥാനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണ വിവരങ്ങള്‍ ആരാഞ്ഞ്‌ കേന്ദ്രം. ഉസ്‌ബെക്ക്‌ സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ്‌ കേന്ദ്രം തേടിയിരിക്കുന്നത്‌.
അതേസമയം, സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാരിയണ്‍ ബയോടെക്ക്‌ എന്ന മരുന്നുനിര്‍മാണ കമ്പനിക്കെതിരേയാണ്‌ അന്വേഷണം ആരംഭിച്ചത്‌.
സെന്‍ട്രല്‍ ഡ്രഗ്‌സ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും(നോര്‍ത്ത്‌ സോണ്‍) ഉത്തര്‍പ്രദേശ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളിങ്‌ ആന്‍ഡ്‌ ലൈസന്‍സിങ്‌ അതോറിറ്റിയും സംയുക്‌തമായാണ്‌ അന്വേഷണം നടത്തുന്നത്‌. പരിശോധനയ്‌ക്കായി മാരിയോണ്‍ ബയോടെക്കില്‍നിന്ന്‌ ചുമമരുന്നിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്‌. ആരോപണമുയര്‍ന്ന ചുമമരുന്നിന്റെ ഉത്‌പാദനം താത്‌കാലികമായി നിര്‍ത്തിവെയ്‌ക്കുകയും ചെയ്‌തു.
ചണ്ഡീഗഡിലെ റീജണല്‍ ഡ്രഗ്‌സ്‌ ലാബിലേക്ക്‌ മരുന്നിന്റെ സാമ്പികളുകള്‍ അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം ലഭിക്കുന്ന മുറയ്‌ക്ക്‌ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ്‌ മാണ്ഡവ്യ പറഞ്ഞു. ചൊവ്വാഴ്‌ച മുതല്‍ ഉസ്‌ബെക്കിസ്‌ഥാനുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
മരുന്നിന്റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്ന്‌ മാരിയോണ്‍ ബയോടെക്ക്‌ കമ്പനി അധികൃതരും പ്രതികരിച്ചു. “സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്‌. പരിശോധന ഫലം ലഭിക്കുന്നതനുസരിച്ച്‌ കമ്പനിയും നടപടിയും സ്വീകരിക്കും. നിലവില്‍ മരുന്നിന്റെ ഉത്‌പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്‌”- കമ്പനിയിലെ നിയമകാര്യ വിഭാഗം മേധാവി ഹസന്‍ റാസ പറഞ്ഞു.
നോയിഡയിലെ മാരിയോണ്‍ ബയോടെക്ക്‌ കമ്പനി നിര്‍മിച്ച ഡോക്‌-1 മാക്‌സ്‌ ചുമമരുന്ന്‌ കഴിച്ച്‌ 18 കുട്ടികള്‍ മരിച്ചെന്നായിരുന്നു ഉസ്‌ബെക്കിസ്‌ഥാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്‌താവന. ലാബില്‍ നടത്തിയ പരിശോധനയില്‍ മരുന്നില്‍ എഥിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഉസ്‌ബെക്ക്‌ ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടിരുന്നു.
ഡോക്‌ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഫാര്‍മസിസ്‌റ്റുകളും രക്ഷിതാക്കളും നിര്‍ദേശിച്ചതുപ്രകാരം മരുന്ന്‌ കഴിച്ച കുട്ടികള്‍ക്കാണ്‌ മരണം സംഭവിച്ചതെന്നാണ്‌ പ്രസ്‌താവനയില്‍ പറയുന്നത്‌. രണ്ടുമുതല്‍ ഏഴുദിവസം വരെ മരുന്ന്‌ കഴിച്ച കുട്ടികളെ പിന്നീട്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരിക്കുകയുമായിരുന്നു. ഇതോടെ രാജ്യത്തെ എല്ലാ ഫാര്‍മസികളില്‍നിന്നും ഡോക്‌ 1 മാക്‌സ്‌ ടാബ്‌ ലെറ്റും ചുമമരുന്നും പിന്‍വലിച്ചു. സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കാത്തതിന്‌ ഏഴ്‌ ജീവനക്കാരെ പുറത്താക്കുകയും ചെയ്‌തു.
അതിനിടെ, കുട്ടികളുടെ മരണം ദൗര്‍ഭാഗ്യകരമെന്നു പ്രതികരിച്ച വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്‌ച്ചി ഉസ്‌ബെക്ക്‌ അധികൃതര്‍ ഔദ്യോഗികമായി വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നു വ്യക്‌തമാക്കി. മരുന്നു കമ്പനിയുടെ ലോക്കല്‍ റെപ്രസന്റേറ്റീവിനെതിരേ ഉസ്‌ബെക്ക്‌ അധികൃതര്‍ നിയമനടപടി സ്വീകരിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്‌ ആവശ്യമായ നിയമ സഹായങ്ങള്‍ ഇന്ത്യ നല്‍കുമെന്നും ബാഗ്‌ച്ചി പറഞ്ഞു. സെന്‍ട്രല്‍ സ്‌റ്റാന്റേഡ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈഷേഷന്‍ ഉസ്‌ബെക്കിസ്‌ഥാനിലെ ഡ്രഗ്‌സ്‌ റെഗുലേറ്ററുമായി ഇക്കഴിഞ്ഞ 27 മുതല്‍ ആശയവിനിമയത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here