എലിസബത്ത് രാജ്ഞിയെ കാണാനുള്ള ക്യൂവിലെ അവസാനത്തെ വ്യക്തി ആരെന്നറിയാമോ ?

0

എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരത്തിന്റെ പൊതുദർശനം അവസാനിച്ചു. രാജ്ഞിയുടെ ഭൗതികശരീരം കാണാനുള്ള പൊതുജനങ്ങളുടെ ക്യൂവിൽ അവസാനമെത്തിയ സ്ത്രീയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. നാലുദിവസമായി നീണ്ട പൊതുദർശനം രാവിലെ 6.30 -ന് അവസാനിച്ചപ്പോഴാണ് ഹൈ വൈകോമ്പിന് സമീപമുള്ള ക്രിസ്സി ഹീറിക്ക് ഇത്തരം ഒരു നിയോ​ഗം കൈവന്നത്.

തനിക്കു ലഭിച്ച വലിയ ഭാഗ്യമായാണ് ഹീറി ഈ അവസരത്തെ കാണുന്നത്. രാജ്ഞിയെ കാണാനായി കാത്തു നിന്നവരുടെ ക്യൂ കിലോമീറ്ററുകളോളം നീണ്ടു കിടക്കുമ്പോഴാണ് രാവിലെ 6.30 -ന് അധികൃതർ പൊതുദർശനം അവസാനിപ്പിച്ചത്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ ആളാകാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ക്രിസ്സി ഹീറി. രണ്ടുതവണയാണ് ഹീറി രാജ്ഞിയുടെ ഭൗതിക ശരീരത്തെ വണങ്ങിയത്.

ക്യൂവിൽ മണിക്കൂറുകളോളം നിന്നതിനു ശേഷം പുലർച്ചെ ഒരു മണിയോടെയാണ് ആദ്യം അവർക്ക് രാജ്ഞിയെ കാണാനായത്. അപ്പോഴാണ് വീണ്ടും ഒരു നോക്കു കൂടി കാണണമെന്ന ആഗ്രഹം ഹീറിയ്ക്ക് ഉണ്ടായത്. പിന്നെ ഒന്നും നോക്കിയില്ല വീണ്ടും ക്യൂവിന്റെ ഏറ്റവും പുറകിലായി ഇടം പിടിച്ചു. അങ്ങനെ വീണ്ടും മണിക്കൂറുകൾക്കു ശേഷം രാവിലെ 6. 30 ഓടെ ക്യൂവിൽ ഇടം നേടിയ അവസാനത്തെ വ്യക്തിയായി അവർ വീണ്ടും രാജ്ഞിയ്ക്കരികിൽ എത്തി. രണ്ടുതവണ രാജ്ഞിയെ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യവും അംഗീകാരവുമായാണ് താൻ കാണുന്നതെന്ന് പിന്നീട് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. നീണ്ട മണിക്കൂറുകൾ കാത്തുനിന്ന ദിവസമായിരുന്നെങ്കിലും ഈ ദിവസം തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണെന്നും അവർ പറഞ്ഞു. മറ്റാർക്കും പകരം വെക്കാനാകാത്ത വ്യക്തിത്വമാണ് രാജ്ഞിയെന്ന് അവർ പറഞ്ഞു.

14 മണിക്കൂറുകളാണ് ഇവർ ക്യൂവിൽ നിന്നത്. എന്നാലും ഇപ്പോഴും വീട്ടിൽ പോയി വിശ്രമിക്കാൻ ഹീറി തയ്യാറല്ല. രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അവർ ഇപ്പോഴും ലണ്ടനിൽ നിൽക്കുകയാണ്. രാജ്ഞിയുടെ ഭൗതികശരീരം അവസാനമായി കാണാൻ എത്തിയവരുടെ എണ്ണം ഇപ്പോഴും കൃത്യമല്ല. ഏതായാലും രാജ്ഞി മരിച്ച നിമിഷം മുതൽ ലണ്ടനിലെ തെരുവുകൾ ജനനിബിഡമാണ്

LEAVE A REPLY

Please enter your comment!
Please enter your name here