സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി വീണ്ടും ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. ട്രാവല്‍ ബുക്കിങ് ആന്‍ഡ് റിവ്യൂ പ്ലാറ്റ്ഫോമായ ട്രിപ് അഡൈ്വസര്‍ 2024-ലെ ട്രാവലേഴ്സ് ചോയ്സ് പുരസ്‌കാരമാണ് ദുബായിക്ക് ലഭിച്ചത്. ഒന്നാം നമ്പര്‍ ആഗോള ലക്ഷ്യസ്ഥാനമെന്ന അംഗീകാരം തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ദുബായിക്ക് ലഭിക്കുന്നത്.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൈവരിക്കാനാകാത്ത സ്വപ്നമാണ് വിനോദസഞ്ചാരമേഖലയില്‍ ദുബായിയുടെ സ്ഥിരതയാര്‍ന്ന നേട്ടങ്ങള്‍. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മികവാര്‍ന്ന നേതൃത്വത്തിന് നന്ദി, സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായിരിക്കുന്നു’ എന്ന് ശൈഖ് ഹംദാന്‍ എക്‌സില്‍ കുറിച്ചു.
ട്രിപ് അഡ്‌വൈസറിലെ യാത്രക്കാരുടെ അവലോകനങ്ങളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് 2022 ഒക്ടോബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള 12 മാസക്കാലയളവിലെ വിലയിരുത്തലിലൂടെയാണ് ദുബായ് മുന്നിലെത്തിയത്. വളര്‍ന്നുവരുന്ന ടൂറിസം സാധ്യതകള്‍, തൊഴില്‍ അവസരങ്ങള്‍, ബിസിനസ്, എന്നിവയെല്ലാം ദുബായിയെ ആളുകളുടെ പ്രിയപ്പെട്ട ഇടമാക്കിമാറ്റി. ബാലി, ലണ്ടന്‍, റോം, പാരീസ്, തുടങ്ങിയ അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച നഗരങ്ങളെ പിന്തള്ളിയാണ് ദുബായ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ബാലിയാണ് രണ്ടാം സ്ഥാനത്ത്. ലണ്ടന്‍, ഹനോയ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത് ഇടംനേടി.