ജപ്പാന്‍ ഭൂകമ്പം: അനുശോചനം അറിയിച്ച് യുഎഇ

0

 

 

 

അബുദബി: നിരവധി ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ജപ്പാൻ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങള്‍ക്കും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും യുഎഇ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഒപ്പം ദുരന്തത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

 

പുതുവത്സര ദിനത്തിലാണ് ജപ്പാനിൽ ഭൂചലനം ഉണ്ടായത്. വീടുകള്‍ തകരുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തിട്ടുണ്ട്. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കുടുങ്ങികിട‌ക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. സുനാമി മുന്നറിയിപ്പിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് അഭയാർത്ഥി ക്യാമ്പുകളിലുള്ളത്. സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ തകർന്ന റോഡുകൾ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഇതിനിടെ സുനാമി മുന്നറിയിപ്പ് പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ടായിട്ടുണ്ട്.

 

ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ ആണവ നിലയങ്ങളിൽ ക്രമക്കേടുകൾ സംഭവിച്ചിട്ടില്ലെന്നും ആണവ നിലയങ്ങൾ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ഹൊക്കുരിക്കു നിലയം പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിൽ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ആദ്യ ഭൂചലനത്തിന് പിന്നാലെ 90 തുടർ ചലനങ്ങളാണുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here