പാക്കിസ്ഥാനിൽ പെട്രോൾ, ഡീസൽ വിലകൾ കുത്തനെ കൂട്ടി

0

കറാച്ചി: പാക്കിസ്ഥാനിൽ പെട്രോൾ, ഡീസൽ വിലകൾ കുത്തനെ കൂട്ടി. ഒരുലിറ്റർ പെട്രോളിന് 24 രൂപയാണ് (പാക് രൂപ) കൂട്ടിയത്. ഇതോടെ പെട്രോൾ ലിറ്ററിന് 233.89 രൂപയായി. ഡീസലിന് 16.31 രൂപ വർദ്ധിപ്പിച്ചതോടെ ലിറ്ററിന് വില 263.31 രൂപയാണ്. മണ്ണെണ്ണ വിലയും ഉയർന്നിട്ടുണ്ട്. ഇതോടെ വിലവർദ്ധനവിൽ പൊറുതിമുട്ടിയ ജനത്തിന് വീണ്ടും തിരിച്ചടിയായി. കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധനവില ഉയർത്തുന്നത്. രാജ്യാന്തര വിപണിയിലെ ഉയർന്ന വിലയാണ് വില വർദ്ധിപ്പിക്കാൻ കാരണമെന്നാണ് ധനമന്ത്രി മിഫ്താ ഇസ്മായിൽ പറയുന്നത്.

രാജ്യം വൻ പ്രതിസന്ധിയിലകപ്പെടാതിരിക്കാൻ പെട്രോൾ, ഡീസൽ വിലകൾ വർദ്ധിപ്പിച്ചേക്കുമെന്ന് അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയും വർദ്ധനവുണ്ടായേക്കും എന്നാണ് കരുതുന്നത്. ഇന്ധന സബ്സിഡി നിർത്തലാക്കണമെന്ന് ഐഎംഎഫ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. സബ്സിഡി എടുത്തുകളയാൻ സമ്മതിച്ചാൽ ഫണ്ട് അനുവദിക്കാൻ തയ്യാറാണെന്ന് അവർ അറിയിക്കുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ജനങ്ങളോട് ചായ കുടി കുറയ്ക്കാൻ ആസൂത്രണ മന്ത്രി അഹ്സൻ ഇഖ്ബാൽ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ. കഴിഞ്ഞ വർഷം മാത്രം ഏകദേശം 4680 കോടി രൂപയ്ക്ക് രാജ്യത്ത് ചായപ്പൊടി ഇറക്കുമതി ചെയ്‌തെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ചായ കുടി കുറച്ച് ചെലവ് നിയന്ത്രിക്കാമെന്ന നിർദ്ദേശം മന്ത്രി മുന്നോട്ടുവച്ചത്. ചായ കുടിക്കുന്നത് ഒന്നോ രണ്ടോ കപ്പെങ്കിലും കുറയ്ക്കാൻ രാജ്യത്തോട് അഭ്യർത്ഥിക്കുകയാണെന്നും നിലവിൽ കടമെടുത്താണ് ചായപ്പൊടി ഇറക്കുമതി ചെയ്യുന്നതെന്നുമാണ് അഹ്സൻ ഇഖ്ബാൽ പറഞ്ഞത്.

വിലവർദ്ധനവിനെതിരെ കടുത്ത പ്രതിഷേധമാണ് പലയിടത്തും അരങ്ങേറുന്നത്. കടുത്ത ധനക്കമ്മിയാണ് പാക്കിസ്ഥാൻ നേരിടുന്നത്.ഇമ്രാൻ സർക്കാരിന്റെ പിടിപ്പുകേടാണ് ഇതിലേക്ക് എത്തിച്ചതെന്നാണ് നിലവിലെ സർക്കാർ പറയുന്നത്. ഇമ്രാൻ ഖാൻ അധികാരത്തിലിരുന്ന അവസാന നാളുകളിൽ പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തിയതോടെ എണ്ണയ്ക്ക് സബ്‌സിഡി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്

LEAVE A REPLY

Please enter your comment!
Please enter your name here