മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 52 റണ്ണിന്റെ തകര്‍പ്പന്‍ ജയം.
ആദ്യം ബാറ്റ് ചെയ്‌ത ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത ഒന്‍പത് വിക്കറ്റിന് 165 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മുംബൈ 17.3 ഓവറില്‍ 113 റണ്ണിന് ഓള്‍ഔട്ടായി. 15-ാം സീസണിലെ ഒന്‍പതാം തോല്‍വിയാണ് അവര്‍ നേരിട്ടത്. ആദ്യ എട്ട് മത്സരങ്ങളും തോറ്റതോടെ മുംബൈ നോക്കൗട്ട് കാണാതെ പുറത്തായിരുന്നു.
ഈ ജയം കൊല്‍ക്കത്തയുടെ സാധ്യതകള്‍ സജീവമാക്കി. ഇന്നലെ മുംബൈക്കു വേണ്ടി ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (43 പന്തില്‍ 51) മാത്രമാണു തിളങ്ങിയത്. കൊല്‍ക്കത്തയ്‌ക്കു വേണ്ടി പാറ്റ് കുമ്മിന്‍സ് മൂന്ന് വിക്കറ്റും ആന്ദ്രെ റസല്‍ രണ്ട് വിക്കറ്റുമെടുത്തു. ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ജസ്‌പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടമാണു കൊല്‍ക്കത്തയെ തളച്ചത്. നാല് ഓവറില്‍ 10 റണ്‍ വഴങ്ങിയാണു ബുംറ അഞ്ച് വിക്കറ്റെടുത്തത്. താരത്തിന്റെ ഒരോവര്‍ മെയ്‌ഡിനായി. പാറ്റ് കുമ്മിന്‍സ് (0), സുനില്‍ നരേന്‍ (0) എന്നിവരെ അടുത്തടുത്ത പന്തുകളിലാണു ബുംറ പുറത്താക്കിയത്. നിതീഷ് റാണ (26 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറുമടക്കം 43), ഷെല്‍ഡണ്‍ ജാക്ക്‌സണ്‍ (അഞ്ച്), ആന്ദ്രെ റസല്‍ (ഒന്‍പത്) എന്നിവരെയും ബുംറയാണു മടക്കിയത്‌്.
റിങ്കു സിങിന്റെ പോരാട്ടം (19 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 23) അവസാന ഓവറുകളില്‍ കൊല്‍ക്കത്തയ്‌ക്കു താങ്ങായി. വെങ്കടേഷ് അയ്യരും (24 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറുമടക്കം 43) അജിന്‍ക്യ രഹാനെയും (24 പന്തില്‍ 25) ചേര്‍ന്നു നൈറ്റ്‌റൈഡേഴ്‌സിനു മികച്ച തുടക്കം നല്‍കി. 60 റണ്ണിന്റെ കൂട്ടുകെട്ടുമായിനിന്ന ഓപ്പണിങ് കൂട്ടുകെട്ടിനെ കുമാര്‍ കാര്‍ത്തികേയയാണു പൊളിച്ചത്. വെങ്കടേഷിനെ ഡാനിയേല്‍ സാംസിന്റെ കൈയിലെത്തിച്ച കാര്‍ത്തികേയ രഹാനെയെ ബൗള്‍ഡാക്കി. നായകന്‍ ശ്രേയസ് അയ്യരെ (എട്ട് പന്തില്‍ ആറ്) മുരുഗന്‍ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈയിലെത്തിച്ചു. പത്തോവറിനു ശേഷം മുംബൈ ശക്‌തമായി തിരിച്ചുവന്നു. പവര്‍പ്ലേയ്‌ക്കുള്ളില്‍ 60 റണ്‍ നേടാന്‍ കൊല്‍ക്കത്തയ്‌ക്കായി. വണ്‍ ഡൗണായി എത്തിയ നിതീഷ് റാണയും ബാറ്റിങ് മികവ് പുറത്തെടുത്തപ്പോള്‍ പത്തോവറില്‍ 87 റണ്ണാണ് കൊല്‍ക്കത്ത നേടിയത്. അടുത്ത ഓവറില്‍ രഹാനെ പുറത്തായി. ശ്രേയസ് അയ്യരെയും റസലിനെയും അടുത്തടുത്ത ഓവറുകളില്‍ നഷ്‌ടമായപ്പോള്‍ കൊല്‍ത്ത നാലിന് 136 എന്ന നിലയിലേക്കു വീണു.