വെടിക്കെട്ടിനു ഫുള്‍സ്റ്റോപ്പ്! കൊല്‍ക്കത്തയെ വരിഞ്ഞു മുറുക്കി ചെന്നൈ ബൗളിങ്, ജയിക്കാന്‍ 138 റണ്‍സ്

0

ചെന്നൈ: കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ വരിഞ്ഞിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ജയ വഴിയിലേക്ക് എത്താന്‍ സിഎസ്‌കെയ്ക്ക് വേണ്ടത് 138 റണ്‍സ്.

ടോസ് നേടി ആദ്യം ബൗള്‍ ചെയ്ത ചെന്നൈ കൊല്‍ക്കത്തയെ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാക്കി. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് അവരുടെ ഓപ്പണര്‍ ഫില്‍ സാല്‍ട്ടിനെ നഷ്ടമായി. താരം ഗോള്‍ഡന്‍ ഡക്കായി. തുഷാര്‍ ദേശ്പാണ്ഡെയാക്കാണ് വിക്കറ്റ്.

പിന്നീടു പന്തുമായെത്തിയ രവീന്ദ്ര ജഡേജയുടെ മാരക സ്പിന്നാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. കഴിഞ്ഞ കളിയില്‍ കൂറ്റനടികളുമായി കളം നിറഞ്ഞ സുനില്‍ നരെയ്ന്‍ (20 പന്തില്‍ 27), അംകൃഷ് രംഘുവംശി (18 പന്തില്‍ 24) എന്നിവരെ മടക്കി ജഡേജ കരുത്തു കാട്ടി. ഒറ്റ ഓവറിലാണ് ഇരു താരങ്ങളേയും ജഡേജ മടക്കിയത്. നരെയ്ന്‍ രണ്ട് സിക്‌സും മൂന്ന് ഫോറും പറത്തി മിന്നും ഫോമിലേക്ക് സഞ്ചരിക്കുകയായിരുന്നു. അംകൃഷും സമാന രീതിയില്‍ മുന്നേറുന്നതിനിടെയാണ് വീണത്. താരം മൂന്ന് ഫോറും ഒരു സിക്‌സും പറത്തി.പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പിടിച്ചു നിന്നെങ്കിലും താരം മെല്ലപ്പോക്കായിരുന്നു. 32 പന്തില്‍ 34 റണ്‍സുമായി ശ്രേയസ് മടങ്ങി. കരുത്താകുമെന്നു പ്രതീക്ഷിച്ച ആന്ദ്രെ റസ്സല്‍ (10), റിങ്കു സിങ് (9) എന്നിവരും നിരാശപ്പെടുത്തി.

പിന്നാലെ വെങ്കടേഷ് അയ്യരേയും (3) ജഡേജ പുറത്താക്കി കൊല്‍ക്കത്തയെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് തള്ളി. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ജഡേജ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.

തുഷാര്‍ ദേശ്പാണ്ഡെയും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. കഴിഞ്ഞ കയില്‍ നിന്നു വിട്ടുനിന്നു തിരിച്ചെത്തിയ മുസ്തഫിസുര്‍ റഹ്മാന്‍ തിരിച്ചെത്തി തിളങ്ങി. താരം രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മഹീഷ തീക്ഷണ ഒരു വിക്കറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here