കെ.എസ്‌.ആര്‍.ടി.സിയില്‍ ശമ്പളത്തിനായി ജീവനക്കാരും പണം കണ്ടെത്താന്‍ മാനേജ്‌മെന്റും നെട്ടോട്ടത്തില്‍

0

തിരുവനന്തപുരം : കെ.എസ്‌.ആര്‍.ടി.സിയില്‍ ശമ്പളത്തിനായി ജീവനക്കാരും പണം കണ്ടെത്താന്‍ മാനേജ്‌മെന്റും നെട്ടോട്ടത്തില്‍. കഴിഞ്ഞമാസത്തെ ശമ്പളം ഇന്ന്‌ നല്‍കാമെന്നാണു ചര്‍ച്ചയില്‍ മന്ത്രി ആന്റണി രാജു നല്‍കിയ ഉറപ്പ്‌. കിട്ടാവുന്നിടത്തുനിന്നൊക്കെ വായ്‌പ വാങ്ങി എങ്ങനെയും അതു പാലിക്കാനാണു മാനേജ്‌മെന്റിന്റെ ശ്രമം.
അതേസമയം പ്രതിഷേധക്കാര്‍ക്കെതിരേ കെ.എസ്‌.ഇ.ബി. സ്വീകരിച്ച നയം കെ.എസ്‌.ആര്‍.ടി.സിയും മാതൃകയാക്കാന്‍ ഒരുങ്ങുകയാണ്‌. കഴിഞ്ഞ പണിമുടക്കുദിവസം ഹാജരാവാത്തവരുടെ പട്ടിക മാനേജ്‌മെന്റ്‌ തയാറാക്കിത്തുടങ്ങി. പണിമുടക്ക്‌ പ്രഖ്യാപിച്ചതിനു പിന്നാലെ കെ.എസ്‌.ആര്‍.ടി.സിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്നും ശമ്പളം കിട്ടിയില്ലെങ്കില്‍ അനിശ്‌ചിതകാലപണിമുടക്കെന്ന മുന്നറിയിപ്പില്‍നിന്നു തൊഴിലാളി സംഘടനകള്‍ പിന്നോട്ടുപോയെങ്കിലും പ്രതിഷേധം തുടരാനാണു തീരുമാനം. കഴിഞ്ഞദിവസത്തെ സൂചനാപണിമുടക്കിനെ അനുകൂലിച്ച സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജോലി ചെയ്‌താല്‍ കൂലി കിട്ടണം എന്നാണു പ്രതികരിച്ചത്‌. എന്നാല്‍, കോവിഡ്‌ കാലത്ത്‌ ബസുകള്‍ ഓടാതിരുന്നപ്പോഴും ശമ്പളം കൊടുത്തിട്ടുണ്ടെന്നും പണിമുടക്കിനു പിന്നില്‍ രാഷ്‌ട്രീയലക്ഷ്യം സംശയിക്കുന്നുവെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here