റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സിന്‌ 54 റണ്ണിന്റെ ജയം

0

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സിന്‌ 54 റണ്ണിന്റെ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ കിങ്‌സ് ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 209 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സിന്‌ ഒന്‍പത്‌ വിക്കറ്റിന്‌ 155 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
ഗ്ലെന്‍ മാക്‌സ്വെല്‍ (22 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 35), രജത്‌ പാടീദാര്‍ (21 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 26), വിരാട്‌ കോഹ്ലി (14 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 20) എന്നിവരുടെ പോരാട്ടം ടീമിനു ഗുണമായില്ല. ഋഷി ധവാന്‍, രാഹുല്‍ ചാഹാര്‍, കാഗിസോ റബാഡ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്ത്‌ ബാംഗ്ലൂരിനെ തകര്‍ത്തു. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ (29 പന്തില്‍ ഏഴ്‌ സിക്‌സറും നാല്‌ ഫോറുമടക്കം 66), ലിയാം ലിവിങ്‌സ്റ്റണ്‍ (42 പന്തില്‍ നാല്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 70) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്‌.
ബെയര്‍സ്‌റ്റോയും ശിഖര്‍ ധവാനും (15 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 21) ചേര്‍ന്നു മികച്ച തുടക്കം നല്‍കി. നാലാം ഓവറില്‍ സ്‌കോര്‍ 50 കടന്നു. ധവാനെ ബൗള്‍ഡാക്കി ഗ്ലെന്‍ മാക്‌സ്വെല്ലാണു കൂട്ടുകെട്ട്‌ പൊളിച്ചത്‌. പിന്നാലെ വന്ന ഭാനുക രാജപക്‌സെയ്‌ക്കു (മൂന്ന്‌ പന്തില്‍ ഒന്ന്‌) പിടിച്ചു നില്‍ക്കാനായില്ല. ലങ്കന്‍ താരത്തെ നാട്ടുകാരന്‍ കൂടിയായ വാനിന്ദു ഹസരംഗ ഹര്‍ഷല്‍ പട്ടേലിന്റെ കൈയിലെത്തിച്ചു. ലിവിങ്‌സ്റ്റണ്‍ ക്രീസിലെത്തിയതോടെ റണ്‍ മഴ തുടങ്ങി. 21 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന ബെയര്‍സ്‌റ്റോയാണു കൂടുതല്‍ ആക്രമണകാരിയായത്‌.
ഒന്‍പതാം ഓവറില്‍ ടീം സ്‌കോര്‍ 100 ലെത്തി. പിന്നാലെ ഷാബാസ്‌ അഹമ്മദിന്റെ പന്തില്‍ മുഹമ്മദ്‌ സിറാജ്‌ പിടിച്ച്‌ ബെയര്‍സ്‌റ്റോ പുറത്തായി. നായകന്‍ മായങ്ക്‌ അഗര്‍വാളിനെ (16 പന്തില്‍ 19) കൂട്ടുപിടിച്ച്‌ ലിവിങ്‌സ്റ്റണ്‍ ആക്രമണം തുടര്‍ന്നു.
നാലാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 33 പന്തില്‍ 50 കടന്നു. 35 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന ലിവിങ്‌സ്റ്റണ്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. മായങ്കിനെ ഹര്‍ഷല്‍ പട്ടേലും ജിതേഷ്‌ ശര്‍മയെ (ഒന്‍പത്‌) ഹസരംഗയും പുറത്താക്കിയതോടെ സ്‌കോറിങ്ങിനു വേഗം കുറഞ്ഞു. ഹര്‍പ്രീത്‌ ബ്രാര്‍ (ഏഴ്‌), ഋഷി ധവാന്‍ (ഏഴ്‌) എന്നിവര്‍ക്കും നിലയുറപ്പിക്കാനായില്ല.
ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറിലാണു ലിവിങ്‌സ്റ്റണ്‍, ഋഷി ധവാന്‍, രാഹുല്‍ ചാഹാര്‍ (രണ്ട്‌) എന്നിവര്‍ പുറത്തായത്‌. ഹര്‍ഷല്‍ പട്ടേല്‍ നാല്‌ ഓവറില്‍ 34 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ഹസരംഗ രണ്ട്‌ വിക്കറ്റും ഗ്ലെന്‍ മാക്‌സ്വെല്‍, ഷാബാസ്‌ അഹമ്മദ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here