അന്തര്‍ ജില്ലാ വിഗ്രഹ മോഷണ സംഘം അറസ്‌റ്റില്‍

0

ഹരിപ്പാട്‌: അന്തര്‍ ജില്ലാ വിഗ്രഹ മോഷണ സംഘം അറസ്‌റ്റില്‍. കോട്ടയം പൂവരണി കൊട്ടയ്‌ക്കാട്ട്‌ വീട്ടില്‍ ജോയ്‌(54), ആലപ്പുഴ കലവൂര്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ സെബാസ്‌റ്റ്യന്‍(32), അടിമാലി മാന്നാംക്കണ്ടം മംഗലത്ത്‌ വീട്ടില്‍ രമേശ്‌(27), അടിമാലി മാന്നാംക്കണ്ടം നന്ദനം വീട്ടില്‍ വിഷ്‌ണു(30), പത്തനംതിട്ട ഓമല്ലൂര്‍ വാഴമുട്ടം നെല്ലിക്കുന്നേല്‍ വീട്ടില്‍ ഗിരീഷ്‌(51) എന്നിവരെയാണ്‌ കായംകുളം ഡി.വൈ.എസ്‌.പി: അലക്‌സ്‌ ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.
ചിങ്ങോലി കാവില്‍പ്പടി, ഏവൂര്‍ കണ്ണമ്പള്ളില്‍ ദേവീക്ഷേത്രങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ടാണ്‌ ഇവരെ കരീലക്കുളങ്ങര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ പത്തോളം മോഷണ ക്കേസുകളിലും ഇവര്‍ പ്രതികളാണ്‌. കരീലക്കുളങ്ങര സ്‌റ്റേഷന്‍ പരിധിയിലെ കണ്ണമ്പള്ളി ക്ഷേത്രത്തില്‍ നടത്തിയ മോഷണത്തെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണമാണ്‌ ഇവരിലേക്ക്‌ എത്തിച്ചത്‌.
രണ്ടര വര്‍ഷക്കാലമായി തൃശൂര്‍ മുതല്‍ കൊല്ലം വരെ വിവിധ സ്‌ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. വിവിധ സ്‌റ്റേഷനുകളില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ പോലീസ്‌ പരിശോധിച്ചു വരികയാണ്‌.
കായംകുളം രാമപുരം ക്ഷേത്രത്തിലെ മോഷണശ്രമത്തിലും ഈ സംഘമാണ്‌. ആലപ്പുഴ ജില്ലയില്‍ മാത്രം ആറു കേസുകള്‍ ഇവരുടെ പേരിലുണ്ട്‌. കരീലക്കുളങ്ങരയില്‍ രണ്ടും ഹരിപ്പാട്‌, കനകക്കുന്ന്‌, അരൂര്‍, ആലപ്പുഴ നോര്‍ത്ത്‌ എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണുള്ളത്‌.
ഒന്നാം പ്രതിയായ പൂവരണി ജോയ്‌ നൂറിലധികം ക്ഷേത്ര മോഷണക്കേസുകളില്‍ പ്രതിയാണ്‌. 2017 ല്‍ ജയില്‍ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ശേഷം ആലപ്പുഴ വാടക്കല്‍, തുമ്പോളി ഭാഗങ്ങളില്‍ താമസിച്ചു മത്സ്യകച്ചവടം നടത്തുകയായിരുന്നു. 2020 മുതല്‍ വീണ്ടും മോഷണം തുടങ്ങി.
ആലപ്പുഴ കാട്ടൂര്‍ സ്വദേശിയായ സെബാസ്‌റ്റ്യന്‍ വളവനാട്‌ വെട്ടുകേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്‌. ഇടുക്കി അടിമാലി പടിക്കുപ്പ സ്വദേശിയായ രമേശ്‌ നേരത്തെ കോതമംഗലം പോലീസ്‌ സ്‌റ്റേഷനില്‍ മോഷണശ്രമക്കേസില്‍ പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. ഇടുക്കി കല്ലാര്‍ പെട്ടിമുടി സ്വദേശിയായ വിഷ്‌ണു, രമേശിനൊപ്പം വെല്‍ഡിങ്‌ ജോലികള്‍ ചെയ്‌തു വരുന്ന ഗിരീഷ്‌ മോഷണസ്വര്‍ണം ഉരുക്കി വിറ്റ കേസില്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.
ഏവൂര്‍ കണ്ണമ്പള്ളില്‍ ക്ഷേത്രത്തിലെ മോഷണത്തിന്‌ ശേഷം ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരമാണ്‌ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.കരീലക്കുളങ്ങര സി.ഐ: സുധിലാല്‍, എസ്‌.ഐമാരായ ഷെഫീഖ്‌, മുജീബ്‌, എ.എസ്‌.ഐ: പ്രദീപ്‌, സി.പി.ഒമാരായ ഗിരീഷ്‌.എസ്‌.ആര്‍, മണിക്കുട്ടന്‍, ഇയാസ്‌ ഇബ്രാഹിം, അരുണ്‍, നിഷാദ്‌, ദീപക്‌, ഷാജഹാന്‍, ബിജു, ശ്യാം, സജിത്ത്‌, ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here