കോഴിക്കോട്: കർണാടക ചിക്കമംഗളൂരു സ്വദേശിയായ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മച്ചഗൊണ്ടനാഹള്ളി സ്വദേശി സുനിതയാണ് (30) മരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ലോറി ഡ്രൈവറായിരുന്ന ആൺസുഹൃത്തിനൊപ്പം മുക്കം മാമ്പറ്റയിലെ വാടകവീട്ടിൽ താമസിക്കുകയായിരുന്നു സുനിത.ഇയാൾ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ സുനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി സുനിതയ്ക്ക് വയറുവേദനയുണ്ടായതായി സുഹൃത്ത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്ന് മുക്കം പൊലീസ് അറിയിച്ചു.
പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മുക്കത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു സുനിത. ചേതനാണ് സുനിതയുടെ പിതാവ്. സഹോദരങ്ങൾ: മഞ്ജു, പുനിത്