ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും വരെ ചൂട് കൂടാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം അന്തരീക്ഷ ആര്‍ദ്രത 55 മുതല്‍ 65 ശതമാനം പരിധിയിലായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന ചൂടോടുകൂടിയ അസ്വസ്ഥതയുള്ള അന്തരീക്ഷ സ്ഥിതിക്കും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. കൊടുംചൂട് തുടരുന്നതിനാല്‍ വൈദ്യുതി ഉപഭോഗവും കുതിക്കുകയാണ്. ഇന്നലെ രാത്രി വൈദ്യുതി ആവശ്യകത 5797 മെഗാവാട്ട് രേഖപ്പെടുത്തി. ഇന്നലെ വൈദ്യുതി ഉപഭോഗം 114.18 ദശലക്ഷം യൂണിറ്റില്‍ എത്തി. ഏപ്രില്‍ 30 ലെ റെക്കോഡാണ് മറികടന്നത്.

Leave a Reply