ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നൗഷാദുമായി പോലീസ്‌ ഇന്നലെ തെളിവെടുപ്പു നടത്തി

0

നിലമ്പൂര്‍: മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യത്തിനായി മൈസൂരു സ്വദേശി പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നൗഷാദുമായി പോലീസ്‌ ഇന്നലെ തെളിവെടുപ്പു നടത്തി. പ്രധാനപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ കൊലപാതകം നടന്നെന്നു കരുതുന്ന നിലമ്പൂര്‍ മുക്കട്ടയിലുള്ള വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്‌.
കൊലപാതകവിവരം പോലീസിനോടു വെളിപ്പെടുത്തിയത്‌ സുല്‍ത്താന്‍ ബത്തേരി കൈപ്പന്‍ഞ്ചേരി തങ്ങളകത്ത്‌ നൗഷാദാണ്‌. അതിനാലാണു പിടിയിലായ നാലുപ്രതികളില്‍ നൗഷാദിനെ മാത്രം കസ്‌റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചത്‌. ഉച്ചയ്‌ക്ക്‌ 11.30ന്‌ ആരംഭിച്ച തെളിവെടുപ്പ്‌ 2.45നാണ്‌ പൂര്‍ത്തിയാക്കിയത്‌. നിലമ്പൂര്‍ ഡിവൈ.എസ്‌.പി: സാജു കെ. ഏബ്രഹാം, ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: കെ.എം. ബിജു, നിലമ്പൂര്‍ സി.ഐ: പി. വിഷ്‌ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌. ഫോറന്‍സിക്‌ വിദഗധര്‍, വിരലടയാള വിദഗ്‌ധര്‍, ഡോഗ്‌ സ്‌ക്വാഡ്‌ എന്നിവരെല്ലാം സ്‌ഥലത്തെത്തി.
ഷാബാ ഷെരീഫിനെ താമസിപ്പിരുന്ന മുറിയിലും വീടിന്റെ മറ്റു ഭാഗങ്ങളിലും ഏറെനേരം പരിശോധന നടത്തി. ഷാബാ ഷെരീഫിന്റെ ശരീരം വീട്ടിനകത്തുവച്ചാണു മുറിച്ചുമാറ്റിയതെങ്കില്‍ രക്‌തത്തിന്റെ അംശം കണ്ടെത്താനാവുമോ എന്നറിയാന്‍ പരിശോധനയും നടന്നു. ഇതിനായി കുളിമുറിയില്‍നിന്നു വെള്ളം പുറത്തേക്കൊഴുകുന്ന പൈപ്പ്‌ പൊട്ടിച്ചും സമീപത്തെ മണ്ണെടുത്തും പരിശോധന നടത്തി. പുറത്തു തറയിലെ ടൈല്‍സ്‌ പൊട്ടിച്ചെടുത്ത മണ്ണും ടൈലിന്റെ അവശിഷ്‌ടങ്ങളും ശേഖരിച്ചിട്ടുണ്ട്‌. കുളിമുറി നവീകരിച്ചപ്പോള്‍ പുറത്തുകളഞ്ഞ ടൈലിന്റെ ഭാഗങ്ങള്‍ റോഡിനു എതിര്‍വശത്തുനിന്നു പോലീസ്‌ സംഘം ശേഖരിച്ചു. ഷൈബിന്റെ ഭാര്യയെയും ചോദ്യം ചെയ്‌തു. ഷാബാ ഷെരീഫ്‌ കൊല്ലപ്പെടുന്ന ദിവസം മുക്കട്ടയിലെ വീട്ടില്‍ ഉണ്ടായിരുന്നതായും ഇയാളെ ചങ്ങലയില്‍ ബന്ധിപ്പിച്ചത്‌ കണ്ടതായും ഷൈബിന്റെ ഭാര്യ മൊഴി നല്‍കിയെന്നാണു വിവരം. ഇവരേയും പോലീസ്‌ പ്രതി ചേര്‍ത്തേക്കും. ഷൈബിനുമായി ബന്ധമുള്ള മുക്കട്ട ഇയ്ംമട ഭാഗത്തെ ഒരയാളുടെ വീട്ടിലും പോലീസ്‌ പരിശോധന നടത്തി.
ഷൈബിനേയും മറ്റു രണ്ടുപേരെയും കസ്‌റ്റഡിയിലെടുക്കാന്‍ പോലീസ്‌ കോടതിയില്‍ അപേക്ഷ നല്‍കും. മറ്റു രണ്ടു കൊലപാതകങ്ങളിലും പ്രതികളുടെ പങ്ക്‌ അന്വേഷണത്തിലാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here