ഇസ്രയേലി പ്രത്യാക്രമണത്തിൽ മരണം 250 കവിഞ്ഞു; പശ്ചിമേഷ്യയിൽ ജീവൻ നഷ്ടമായത് 500ലേറെ പേർക്ക്; 5000 പേർക്ക് പരിക്കും; ഇസ്രയേലിൽ മലയാളി ആശങ്കയും

0

ഗസ്സയിൽ ഹമാസിന് നേരെ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ മരണസംഖ്യ 250 കടന്നു. 2,000ത്തോളം ആളുകൾക്ക് പരിക്കേറ്റതായുമാണ് വിവരം. ഇസ്രയേലിനുനേരെ ‘ഓപ്പറേഷൻ അൽ അഖ്സ ഫ്‌ളഡ്’ എന്നപേരിൽ സൈനികനടപടി ആരംഭിച്ചതായി ഹമാസ് പരസ്യപ്രഖ്യാപനം നടത്തിയതോടെയാണ് സ്ഥിതിഗതികൾ സങ്കീർണമായത്. ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ സ്ഥിതി ഗുരുതരമെന്ന് മലയാളികൾ. ഭൂരിഭാഗം പേരും ബങ്കറുകളിൽ അഭയം തേടി. സാഹചര്യം സങ്കീർണമാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതിയും സ്ഥിരീകരിച്ചു

ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേൽ തിരിച്ചടിക്കുകയായിരുന്നു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിൽ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. ഹമാസിന്റെ 17 കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. അതേസമയം, നിരവധി ഇസ്രയേലികൾ ഹമാസിന്റെ പിടിയിലായതായും റിപ്പോർട്ടുണ്ട്.

ഫലസ്തീൻകാർ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡകൾക്കുള്ള പ്രതികരണമാണ് ആക്രമണമെന്ന് ഹമാസ് വക്താവ് ഖാലിദ് ഖദോമി ‘അൽ ജസീറ’ ചാനലിനോടു പറഞ്ഞു. ”ഗസ്സയിലും അൽ അഖ്സ പോലുള്ള ഞങ്ങളുടെ പുണ്യസ്ഥലങ്ങളിലും ഫലസ്തീൻകാർക്കുനേരെയും നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്രസമൂഹം ഇടപെടണം. ഇക്കാരണങ്ങളാലാണ് ഞങ്ങൾ ഈ ആക്രമണം തുടങ്ങിയത്” -ഖദോമി പറഞ്ഞു.

സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറിൽ തന്നെ കഴിയുന്നതിനാണ് നിർദ്ദേശം ലഭിച്ചതെന്നും മലയാളികൾ പ്രതികരിച്ചു. വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കൻ ഇസ്രയേൽ മേഖലയിലുള്ള ജനങ്ങൾക്കുള്ള നിർദ്ദേശം. ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.

സംഘർഷ മേഖലയിലുള്ളവർ ഏറെ കരുതലോടെ കഴിയണം. പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. സുരക്ഷിത സ്ഥാനത്ത് തുടരണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ് ലൈൻ നമ്പറും ഇമെയിലും നിർദ്ദേശത്തോടൊപ്പം നൽകിയിട്ടുണ്ട്. മലയാളമടക്കം വിവിധ ഇന്ത്യൻ ഭാഷകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ആറായിരത്തിലധികം മലയാളികളുൾപ്പടെ പതിനെട്ടായിരത്തോളം ഇന്ത്യാക്കാർ നിലവിൽ ഇസ്രയേലിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇസ്രയേൽ ഹമാസ് സംഘർഷം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് കേന്ദ്രസർക്കാർ. സംഘർഷം രൂക്ഷമായി തുടരുകയാണെങ്കിൽ ഇന്ത്യാക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.

Leave a Reply