തല മസ്സാജ് ചെയ്ത് കൊടുക്കാൻ വൈകി; ഭാര്യയെ ഇഷ്ടികയ്ക്കിടിച്ച് കൊലപ്പെടുത്തി ഭർത്താവ്

0

നോയിഡ: തല മസ്സാജ് ചെയ്ത് കൊടുക്കാൻ വൈകിയതിന് ഭാര്യയെ ഇഷ്ടികയ്ക്കിടിച്ച് ഭർത്താവ് കൊലപ്പെടുത്തി. നോയിഡയിലെ ചിജാർസി ഗ്രാമത്തിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. ഫൈസാബാദ് സ്വദേശി പ്രതിമ ഗിരി (34) ആണ് കൊല്ലപ്പെട്ടത്. തല മസ്സാജ് ചെയ്ത് കൊടുക്കാൻ വൈകി എന്നാരോപിച്ചാണ് യുവതിയുടെ തലയ്ക്ക് ഇഷ്ടിക കൊണ്ട് ഭർത്താവ് ഹരേന്ദ്ര ഗിരി ഇടിച്ചത്.

ദമ്പതികൾ പതിവായി വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് യുവതിയെ ഇഷ്ടികകൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. സംഭവത്തിന് ദിവസങ്ങൾ മുമ്പാണ് ഹരേന്ദ്ര ഗിരിയും കുടുംബവും നോയിഡയിലേക്ക് താമസം മാറിയത്. തയ്യൽ തൊഴിലാളിയാണ് ഹരേന്ദ്ര ഗിരി. തിങ്കളാഴ്ച രാത്രിയോടെ മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഹരേന്ദ്ര ഗിരി ഭാര്യയോട് തല മസ്സാജ് ചെയ്ത് തരാൻ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം പാകം ചെയ്യുകയായിരുന്ന പ്രതിമ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഹരേന്ദ്ര ഗിരി വീട്ടിൽ സൂക്ഷിച്ചിരുന്ന ഇഷ്ടിക കൊണ്ടുവന്ന് പ്രതിമയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം സംഭവത്തിൽ പൊലീസ് ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. യുവതിയുടെ കുടുംബം പരാതി നൽകിയാൽ മാത്രമേ കേസ് എടുക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here