ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

0

വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ചിത്രത്തിനായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റിന് ശേഷം വിപിൻ ദാസ് ഒരുക്കിയ ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. ഇപ്പോഴിത ചിത്രത്തിന്റെ രസകരമായ ഒരു മേക്കിങ് വീ‍ഡിയോ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിപിൻ.

ഗുരുവായൂരമ്പലത്തിന്റെ സെറ്റ് ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ചെയ്തത്. സെറ്റിന്റെ വീഡിയോയാണ് വിപിൻ പങ്കുവച്ചിരിക്കുന്നത്. അമ്പലമാണെന്ന് കരുതി മുന്നിൽ നിന്ന് പ്രാർഥിക്കുന്ന ഒരു സ്ത്രീയേയും വീഡിയോയിൽ കാണാം. ഗുരുവായൂരമ്പല നടയിൽ സ്ഥിരമുള്ള കാഴ്ചകളിൽ ഒന്ന് !! എല്ലാ ക്രെഡിറ്റും ആർട്ട് ഡയറക്ടർ സുനിലേട്ടന്- എന്ന ക്യാപ്ഷനോടെയാണ് വിപിൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇത് സെറ്റായിരുന്നോ എന്നാണ് ചിലർ ആകാംക്ഷ പങ്കുവച്ച് കമന്റ് ബോക്സിൽ ചോദിക്കുന്നത്. കാണിക്ക എത്ര കിട്ടി എന്ന് ചോദിക്കുന്നവരും കുറവല്ല. കായ്പ്പോള, ഫാലിമി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലാസംവിധായകൻ സുനിൽ കുമാരൻ‌ ആണ് ചിത്രത്തിനായി സെറ്റ് ഒരുക്കിയിരിക്കുന്നത്.

മൂന്നരക്കോടി രൂപയാണ് സെറ്റ് ഒരുക്കാൻ ചെലവായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഞ്ഞുമൽ ബോയ്സിന് ശേഷം അത്യുഗ്രൻ സെറ്റ് ഒരുക്കി മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഗുരുവായൂരമ്പല നടയിലിന്റെ ആർട്ട് ടീമും.

LEAVE A REPLY

Please enter your comment!
Please enter your name here