മണിപ്പൂരിൽ 40 കുക്കി ഗോത്ര വിഭാഗക്കാരെ പൊലീസ് വെടിവെച്ചു കൊന്നു

0

മണിപ്പൂരിൽ 40 കുക്കി ഗോത്ര വിഭാഗക്കാരെ പൊലീസ് വെടിവെച്ചു കൊന്നു. മണിപ്പുർ പൊലീസിന്റെ കമാൻഡോ വിഭാഗമാണ് ആക്രമണം അഴിച്ചു വിട്ടത്. അതേസമയം കൊല്ലപ്പെട്ടവർ ഭീകരപ്രവർത്തകരാണെന്നും എം16, എകെ47, സ്‌നൈപ്പർ തോക്കുകൾ എന്നിവ പിടിച്ചെടുത്തതായും മുഖ്യമന്ത്രി ബിരേൻസിങ് പറഞ്ഞു. എന്നാൽ വ്യാജഏറ്റുമുട്ടലിലൂടെയാണു കൊലപാതകമെന്നു കുക്കി ഗോത്രസംഘടനകൾ ആരോപിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നു മണിപ്പുരിലെത്താനിരിക്കെയാണ് അരുംകൊല. ഗ്രാമങ്ങൾക്കു കാവൽനിന്നവരെ അർധരാത്രിക്കുശേഷം മണിപ്പുർ കമാൻഡോകൾ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നു ഗോത്രക്കാർ ആരോപിച്ചു. ഈ മാസം 3,4 തീയതികളിലായി മെയ്‌തെയ് വിഭാഗവും കുക്കി ഗോത്രവും തമ്മിലുണ്ടായ വംശീയകലാപത്തിൽ 75 പേരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മുതൽ കലാപം വീണ്ടും ശക്തിപ്രാപിച്ചുതുടങ്ങിയിരുന്നു. ഇതോടെ ആകെ മരണം 115 കവിഞ്ഞു.

മണിപ്പുരിന്റെ പല ഭാഗങ്ങളിലും വെടിവയ്പ് തുടരുകയാണ്. ഒട്ടേറെ വീടുകളും ഗ്രാമങ്ങളും അഗ്‌നിക്കിരയാക്കി. കഴിഞ്ഞ ദിവസം പുലർച്ചെ ഇംഫാൽ താഴ്‌വരയോടു ചേർന്നുള്ള സെക്മായി, സുഗ്ണു, കുംബി, പയേങ്, സെറോ എന്നിവിടങ്ങളിൽ കുക്കി ഭീകരസംഘടനകൾ ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞു. സെക്മായി ഒഴികെ മറ്റിടങ്ങളിൽ വെടിവയ്പുതുടരുകയാണ്. റോഡുകളിലും മറ്റും മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്നു റിപ്പോർട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here