ദുബായിയിലെ ബോളിവുഡ് പാർക്ക് ശാശ്വതമായി അടച്ചു : ഇനി സ്വകാര്യ പരിപാടികൾക്ക് മാത്രം

0

വൈശാഖ് നെടുമല

ദുബായ്: എമിറേറ്റിലെ ബോളിവുഡ് പാർക്ക് ശാശ്വതമായി അടച്ചു . യു എഇയിലെ തന്നെ ഏറെ പ്രശസ്തിയാർജിച്ച ഒരു കലാശാലയ്ക്കാണ് ഇതോടെ വിരാമമാകുന്നത്. പാർക്കിന്റെ മാനേജ്മെന്റ് തന്നെയാണ് ഏപ്രിൽ 20 മുതൽ പാർക്ക് അടച്ചിട്ട കാര്യം അറിയിച്ചത്. അതേ സമയം പാർക്ക് ചില പ്രത്യേക സ്വകാര്യ പരിപാടികൾക്ക് മാത്രം വേദിയാക്കാൻ അനുവദിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

ദുബായ് – അബുദാബി ബോർഡറിനു സമീപം 2016ലാണ് ബോളിവുഡ് പാർക്ക് ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ബോളിവുഡ് സിനിമകളുടെ തനത് നിറ ചാർത്തുകൾ പകർത്തിയ ഈ പാർക്ക് സിനിമാ പ്രേക്ഷകർക്കിടയിലും ഒരുപോലെ സഞ്ചാരികൾക്കിടയിലും ഏറെ ആശ്ചര്യവും കൗതുകവുമുണർത്തിയിരുന്നു.

ഇതിനു പുറമെ നൃത്താവിഷ്കാരങ്ങളും , സംഗീതം, തമാശ തുടങ്ങി ബോളിവുഡ്‌ സിനിമകളിലെന്നപോലെ ഇവിടെ ആസ്വദിക്കാൻ സാധിക്കുമായിരുന്നു. ബോളിവുഡ്‌ ബുലെവാർഡ്, മുംബൈ ചൗക്ക്, റസ്റ്റിക് രാവിന്, റോയൽ പ്ലാസ, ബോളിവുഡ് ഫിലിം സ്റ്റുഡിയോസ് എന്നിങ്ങനെ ക്രമീകരിച്ച അഞ്ച് സോണുകളിലാണ് പാർക്ക് പ്രവർത്തിച്ചിരുന്നത്.

പാർക്കിന്റെ ഇത്രയും നാളത്തെ പ്രവർത്തനത്തിന് പിന്തുണ നൽകിയ പ്രേക്ഷകർക്കും , ജീവനക്കാർക്കും, പാർക്കിന്റെ പങ്കാളികൾക്കും മാനേജ്മെന്റ് നന്ദി രേഖപ്പെടുത്തി. ദുബായിയുടെ ടൂറിസം വളർച്ചയ്ക്ക് ഏറെ ആക്കം കൂട്ടിയ ഈ മാസ്മരിക ഇടം ലക്ഷക്കണക്കിന് സഞ്ചാരികളെയാണ് ഇതു വരെ മാടി വിളിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here