ഒരു കൈയില്‍ കൊന്ത , തലമുടിയില്‍ നേരിയ നരയും ; രണ്ടു വര്‍ഷത്തോളം നീണ്ട ഒളിവു ജീവിതമുണ്ടാക്കിയ പിരിമുറുക്കം സെസി സേവ്യറില്‍ പ്രകടം ; പഴയ സഹപ്രവര്‍ത്തകരും തടിച്ചുകൂടി

0


ആലപ്പുഴ: വ്യാജ അഭിഭാഷക ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ആലപ്പുഴ സി.ജെ.എം കോടതിയില്‍ കീഴടങ്ങിയ ശേഷം പുറത്തിറങ്ങിയ സെസിയെ കാണാന്‍ അഭിഭാഷകരുടെ തിരക്കായിരുന്നു. അവരിലേറെ പേരും പഴയ ‘സഹപ്രവര്‍ത്തകര്‍’. ആര്‍ക്കും മുഖം കൊടുക്കാതെയാണ് സെസി മാവേലിക്കര സബ് ജയിലിലേക്കുള്ള വാഹനത്തിലേക്കു കയറാനായി വനിതാ പോലീസുകാര്‍ക്കൊപ്പം നടന്നു നീങ്ങിയത്.

ഒരു കൈയില്‍ കൊന്ത , തലമുടിയില്‍ നേരിയ നരയും… രണ്ടു വര്‍ഷത്തോളം നീണ്ട ഒളിവു ജീവിതമുണ്ടാക്കിയ പിരിമുറുക്കം സെസി സേവ്യറില്‍ പ്രകടമായിരുന്നു. തട്ടിപ്പ് പുറത്തായതോടെ ഒളിവില്‍ പോയ സെസി ഒന്നര വര്‍ഷം മുമ്പ് ആലപ്പുഴ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും പോലീസിനെ കണ്ട് മുങ്ങിയിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല.

പൊതുസമൂഹത്തേയും നീതിന്യായ വ്യവസ്ഥയേയും വഞ്ചിച്ച സെസി അടിയന്തരമായി കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മാസങ്ങളായി ഒളിവില്‍ കഴിയുന്ന സെസി സേവ്യര്‍ എവിടെയാണെന്ന് കണ്ടെത്താനോ പിടികൂടാനോ പോലീസിന് കഴിഞ്ഞിരുന്നില്ല.

അഭിഭാഷക ചമഞ്ഞ് ആള്‍മാറാട്ടം നടത്തി പൊതുജനങ്ങളേയും നീതിന്യായ വ്യവസ്ഥയേയും വഞ്ചിക്കണമെന്നുമുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി തട്ടിപ്പ് നടത്തിയതിനാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 474/2021 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കഴിഞ്ഞ 12ന് അന്വേഷണം ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയപ്പോള്‍ പ്രതി മറ്റു നിര്‍വാഹമില്ലാതെ കോടതിയില്‍ കീഴടങ്ങുകയായിരുന്നെന്ന് പോലീസ് പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here