വയനാട്ടിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ; ആർക്കും പരിക്കില്ല

0

മാനന്തവാടി: വയനാട്ടിലെ തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടി. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇക്കഴിഞ്ഞ ആഴ്ച സി പി മൊയ്തീന്റെ നേതൃത്വത്തിൽ നാല് മാവോയിസ്റ്റുകൾ കമ്പമലയിൽ എത്തിയിരുന്നു. ഇതേത്തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കമ്പമലയോട് ചേർന്നുള്ള വനത്തിൽ സംഘം തങ്ങുന്നതായി സൂചന ലഭിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ വെടിവയ്പ്പ് ഉണ്ടായെന്നുമാണ് വിവരം. സംഭവത്തിൽ ആർക്കും പരിക്കില്ല.

കഴിഞ്ഞ ബുധനാഴ്ച രാവിലെ രാവിലെ 6.10 നായിരുന്നു സി.പി.മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേര്‍ സ്ഥലത്തെ പാടിയില്‍ എത്തിയത്. രണ്ടുപേരുടെ കൈയിലും ആയുധമുണ്ടായിരുന്നു.പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും മാവോവാദികള്‍ എത്തുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നും ഇവര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ മാവോവാദി സംഘമെത്തി കമ്പമലയില്‍ പ്രവര്‍ത്തിക്കുന്ന വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫീസ് തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സായുധരായ അഞ്ചംഗ സംഘമാണ് തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യമെന്ന പേരില്‍ ഓഫീസില്‍ നാശം വരുത്തി മടങ്ങിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here