അറേബ്യന്‍ മരുഭൂമിയിലും റോമൻ സാമ്രാജ്യത്തിന്റെ ആധിപത്യം : അമ്പരന്ന് ചരിത്ര ഗവേഷകർ

0

വൈശാഖ് നെടുമല

റിയാദ്: സൗദി അറേബ്യന്‍ മരുഭൂമിയിൽ റോമന്‍ സാമ്രാജ്യത്തിന്റെ ഒരു സൈനികേന്ദ്രം കണ്ടെത്തി. രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആ സൈനികകേന്ദ്രത്തിന് 2,000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് സൈനികത്താവളം കണ്ടെത്തിയത്. ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെയാണ് പര്യവേഷണം നടത്തിയത്.

എഡി 106ല്‍ ജോര്‍ദാനിലെ നബാതിയന്‍ സാമ്രാജ്യം പിടിച്ചടക്കിയതിനു പിന്നാലെയാണ് റോമാക്കാര്‍ കോട്ടകള്‍ നിര്‍മിച്ചതെന്നു ഗവേഷകര്‍ പറഞ്ഞു. രണ്ടാം നൂറ്റാണ്ടില്‍ തെക്കുകിഴക്കന്‍ ജോര്‍ദാനിലൂടെ സൗദിയിലേക്കുള്ള റോമന്‍ പ്രവേശനത്തിന്റെ തെളിവുകളാണ് സൈനികത്താവളങ്ങള്‍ അവശേഷിപ്പിക്കുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ഓരോ വശത്തും എതിര്‍വശത്തും പ്ലേയിംഗ് കാര്‍ഡ് രൂപത്തിലുള്ള പ്രവേശന കവാടങ്ങള്‍ കാണാം. ഇത്തരം പ്രത്യേകതകള്‍ കണ്ടെത്തിയതില്‍നിന്നു സൈനികത്താവളം നിര്‍മിച്ചത് റോമന്‍ സൈനികരാണെന്ന് ഉറപ്പാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. മൈക്കല്‍ ഫ്രാഡ്‌ലി പറഞ്ഞു. റോമാക്കാര്‍ അറേബ്യന്‍ അധിനിവേശത്തിനുള്ള സുരക്ഷിത ബാരക്കുകളായി നിര്‍മിച്ചതാണ് സൈനികകേന്ദ്രെമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്രാജ്യത്തിന്റെ അവസാന രാജാവായ റാബല്‍ രണ്ടാമന്‍ സോട്ടറിന്റെ മരണത്തെത്തുടര്‍ന്ന് നബാറ്റിയന്മാര്‍ക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതിന്റെ തെളിവുകളാണ് സൈനികകേന്ദ്രമെന്നും ഗവേഷകര്‍ പറഞ്ഞു.

അതേസമയം സേനാത്താവളം അത്ഭുതകരമായ പുതിയ കണ്ടെത്തലും അറേബ്യയിലെ റോമന്‍ ആധിപത്യക്കുറിച്ചു കൂടുതല്‍ ചരിത്രവസ്തുതകള്‍ വെളിപ്പെടുന്നതുമാണെന്ന് റോമന്‍ സൈനിക വിദഗ്ധന്‍ ഡോ. മൈക്ക് ബിഷപ്പ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here